കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നാളെ ബസ് കണ്ടക്ടറാകും, സംഭവമിങ്ങനെ….

0
213

ബെംഗളൂരു: കർണാടകയിൽ കോൺഗ്രസിന്റെ പ്രധാന വാഗ്ദാനമായ സ്ത്രീകൾക്ക് സൗജന്യയാത്ര പദ്ധതിയായ ശക്തിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി സിദ്ധരാമയ്യ നാളെ നിർവഹിക്കും. സിദ്ധരാമയ്യ ബസ് കണ്ടക്ടറുടെ വേഷത്തിലെത്തി സ്ത്രീകൾക്ക് ടിക്കറ്റ് മുറിച്ച് നൽകിയാണ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് വാഗ്ദാനം ചെയ്ത അഞ്ച് വാഗ്ദാനങ്ങളിലൊന്നാണ് ശക്തി പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി ബിഎംടിസി ബസിൽ യാത്ര ചെയ്യുകയും സ്ത്രീകൾക്ക് സൗജന്യ ടിക്കറ്റ് നൽകുകയും ചെയ്യുമെന്ന് സർക്കാർ ഔദ്യോഗികമായി അറിയിച്ചു.

മന്ത്രിമാരും നിയമസഭാംഗങ്ങളും അതത് ജില്ലകളിലെയും നിയോജക മണ്ഡലങ്ങളിലെയും സർവീസുകൾ ഒരേസമയം ഫ്ലാഗ് ഓഫ് ചെയ്യും. അർഹരായ ഗുണഭോക്താക്കളിലേക്കും ശക്തി പദ്ധതി എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാൻ നിയമസഭാംഗങ്ങൾക്കൊപ്പം ജില്ലാ ചുമതലയുള്ള മന്ത്രിമാരോടും സിദ്ധരാമയ്യ നിർദേശിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു. വിലക്കയറ്റം മൂലം ദുരിതത്തിലായ സംസ്ഥാനത്തെ സ്ത്രീകൾക്ക് ശക്തി പദ്ധതി ആശ്വാസം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അധികാരത്തിൽ വന്ന് ഒരു മാസത്തിനുള്ളിൽ പാർട്ടി ഉറപ്പ് നൽകിയ എല്ലാ വാഗ്ദാനങ്ങളും നടപ്പാക്കുമെന്നും വലിയ ചെലവ് വരുമെങ്കിലും വാഗ്ദാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

ക‍ർണാടകത്തിൽ അധികാരത്തിലേറിയതിന് പിന്നാലെ ഏറ്റവും പുതിയ സാമ്പത്തിക-ജാതി സർവേ കണക്കുകൾ പുറത്തുവിടുമെന്ന് സിദ്ധരാമയ്യ പ്രഖ്യാപിച്ചു. പിന്നാക്ക വിഭാഗങ്ങളുടെ കൂട്ടായ്മയായ ശോഷിത വർഗകള മഹാ ഒക്കൂട്ടയുടെ പ്രതിനിധികൾക്കാണ് സിദ്ധരാമയ്യ ഉറപ്പ് നൽകിയിരിക്കുന്നത്.

കഴിഞ്ഞ സിദ്ധരാമയ്യ സർക്കാർ ജാതി സ‍ർവേ നടത്തിയിരുന്നു. എന്നാൽ ഇതിന്‍റെ അവസാന കണക്കുകൾ പിന്നീട് അധികാരത്തിലേറിയ ബിജെപി സർക്കാർ പുറത്തുവിട്ടിരുന്നില്ല. ഏറ്റവുമവസാനം നടത്തിയ സർവേയുടെ ഫലം എത്രയും പെട്ടെന്ന് പുറത്തുവിടുമെന്നാണ് സിദ്ധരാമയ്യയുടെ പ്രഖ്യാപനം. ഇതനുസരിച്ച് സംവരണം മാറ്റുന്ന കാര്യം ആലോചിക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here