500 രൂപ പിൻവലിച്ച് 1000 രൂപ തിരിച്ചെത്തുമോ? മറുപടിയുമായി ആർബിഐ ഗവർണർ

0
306

ദില്ലി: കഴിഞ്ഞ മാസം 19 ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2000 രൂപ നോട്ടുകളുടെ പ്രചാരം പിൻവലിച്ചിരുന്നു. ഫോമുകളൊന്നും പൂരിപ്പിക്കാതെയോ പ്രധാന രേഖകൾ കാണിക്കാതെയോ എല്ലാവർക്കും ബാങ്ക് നോട്ടുകൾ മാറ്റാനും അടുത്തുള്ള ബാങ്കുകളിൽ നിക്ഷേപിക്കാനും സെപ്റ്റംബർ 31 വരെ ആർബിഐ അനുമതി നൽകിയിട്ടുണ്ട്.

പ്രചാരത്തിൽ നിന്നും 2000 രൂപ നോട്ടുകൾ പിൻവലിച്ചതിന് ശേഷം, പുതിയ നോട്ടുകൾ അവതരിപ്പിക്കുന്നതിനായി ആർബിഐ 500 രൂപ നോട്ടുകൾ പിൻവലിക്കുമെന്നും 2016ലെ നോട്ട് നിരോധന സമയത്ത് നിരോധിച്ച 1000 രൂപ നോട്ടുകൾ വീണ്ടും അവതരിപ്പിക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.

നടപ്പ് സാമ്പത്തിക വർഷത്തിലെ രണ്ടാമത്തെ പണ നയ യോഗത്തിന് ശേഷം ഇന്ന് നിരക്കുകൾ പ്രഖ്യാപിച്ച ആർബിഐ ഗവർണർ ശക്തികാന്ത ദാസ്, 500 രൂപ നോട്ടുകൾ പിൻവലിക്കുന്നതിന് കുറിച്ചും പുതിയ 1000 ത്തിന്റെ നോട്ടുകൾ പുറത്തിറക്കുന്നതിനെ കുറിച്ചുമുള്ള കാര്യത്തിൽ വ്യക്തത നൽകി. വാർത്താ സമ്മേളനത്തിലാണ് ശക്തികാന്ത ദാസ് ഇക്കാര്യം അറിയിച്ചത്. 500 രൂപ നോട്ടുകൾ പിൻവലിക്കുന്നതിനെ കുറിച്ചുള്ള അഭ്യൂഹങ്ങളെല്ലാം ശക്തികാന്ത ദാസ് തള്ളി. “ആർബിഐ 500 രൂപ നോട്ടുകൾ പിൻവലിക്കുന്നതിനെക്കുറിച്ചോ 1000 രൂപയുടെ നോട്ടുകൾ വീണ്ടും അവതരിപ്പിക്കുന്നതിനെക്കുറിച്ചോ ആലോചിക്കുന്നില്ല; ഊഹാപോഹങ്ങൾ നടത്തരുതെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നുവെന്നും ശക്തികാന്ത ദാസ് പറഞ്ഞു.

സെപ്റ്റംബർ 30 വരെ 2000 ത്തിന്റെ നോട്ടുകൾ. എക്‌സ്‌ചേഞ്ച് അല്ലെങ്കിൽ ഡെപ്പോസിറ്റ് ചെയ്യാനുള്ള അവസരം ഉണ്ടാകും. ഇതിന്റെ പരിധി ഒരു സമയം 20,000 രൂപയായി നിശ്ചയിച്ചിരുന്നു. 2016 നവംബറിൽ ആർബിഐ ആക്ടിന്റെ 1934-ലെ വകുപ്പ് 24(1) പ്രകാരമാണ് 2000 രൂപ നോട്ട് അവതരിപ്പിച്ചത്.

ആകെ 3.62 ലക്ഷം കോടി രൂപയുടെ 2000 രൂപയുടെ നോട്ടുകൾ പ്രചാരത്തിലുണ്ടെന്ന് ആർബിഐ മേധാവി ശക്തികാന്ത ദാസ് പറഞ്ഞു. പ്രഖ്യാപനത്തിന് ശേഷം ഏകദേശം 1.8 ലക്ഷം കോടി രൂപയുടെ 2000 രൂപയുടെ നോട്ടുകൾ തിരിച്ചെത്തി. ഇത് പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളുടെ ഏകദേശം 50 ശതമാനമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രചാരത്തിൽ നിന്ന് തിരിച്ചെത്തിയ മൊത്തം നോട്ടുകളിൽ 85 ശതമാനവും ബാങ്ക് നിക്ഷേപത്തിലൂടെ തിരിച്ചെത്തിയതാണെന്നും ദാസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here