ആതിരയുടെ വൈറൽ പാട്ട്: തനിക്കെതിരെ തെറ്റായ പ്രചാരണമെന്ന് തെരുവുഗായിക ഫൗസിയ

0
321

മലപ്പുറം: പോത്തുകല്ലിൽ തെരുവിൽ പാട്ടുപാടി ആതിര എന്ന പെൺകുട്ടി വൈറലായ വാർത്തകളിൽ തന്നെ കുറിച്ച് തെറ്റായ കാര്യങ്ങളാണ് പ്രചരിക്കുന്നതെന്ന് പാട്ടു വണ്ടിയുടെ ഉടമ ഫൗസിയ. താൻ അന്ധനായ ഭർത്താവിനും കൈക്കുഞ്ഞിനുമൊപ്പം ചികിത്സ സഹായം തേടി തെരുവിൽ പാട്ടുപാടുന്നവളാണ് എന്നാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എന്‍റെ ഭർത്താവ് അന്ധനല്ല. കൈക്കുഞ്ഞുമായല്ല ഞാൻ പാട്ട് പാടുന്നത്. നാല് വയസുള്ള മകനാണ് എന്‍റെ ഒപ്പമുള്ളത്. എനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിലും ചികിത്സ സഹായം തേടി ഞാൻ പാട്ടുപാടാറില്ല. ഞാൻ കിടപ്പുരോഗിയാണ് എന്നൊക്കെയാണ് പ്രചാരണം.

വർഷങ്ങളായി തെരുവിൽ പാട്ടുപാടിയാണ് ഞാൻ ജീവിക്കുന്നത്. പോത്തുകല്ലിൽ പാട്ടുപാടുന്നതിനിടെ പരിസരത്തെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന പെൺകുട്ടി ആതിര പാടട്ടെ എന്ന് ചോദിച്ചു. അവർക്ക് അവസരം കൊടുത്തു. അവൾ പാടിയ പാട്ട് വൈറലായി. അതിൽ സന്തോഷമേയുള്ളൂ. ഇതോടനുബന്ധിച്ച് യൂട്യൂബ് ചാനലുകളിലും മറ്റും പ്രചരിക്കുന്ന കഥ തെറ്റാണ്.

ചികിത്സാ സഹായം തേടി ഞാൻ പാട്ടുപാടി ക്ഷീണിതയായപ്പോൾ ആതിര വന്നു പാടി സഹായിച്ചു, അന്ധനായ ഭർത്താവിനും കൈക്കുഞ്ഞിനുമൊപ്പം ഞാൻ പാടുകയായിരുന്നു എന്നെല്ലാമാണ് പ്രചരിപ്പിക്കുന്നത്. ചില യൂട്യൂബ് ചാനലുകാർ ആതിരയെകൊണ്ട് തെറ്റായ കാര്യങ്ങൾ പറയിക്കുന്നുണ്ട്. ഇത് തിരുത്തണമെന്നാവശ്യപ്പെടുമ്പോൾ യൂട്യൂബുകാർ തന്നെ ഭീഷണിപ്പെടുത്തുകയാണ്.

തെരുവിൽ പാട്ടുപാടുമ്പോൾ ആളുകൾ തന്‍റെ അന്ധനായ ഭർത്താവ് എവിടെ എന്ന് ചോദിക്കുന്നു. ഞാൻ കള്ളം പറയുന്നു എന്നാണ് ആളുകൾ ​വിചാരിക്കുന്നത്. എനിക്ക് ഇതു കാരണം തെരുവിൽ പിന്തുണ കിട്ടുന്നില്ല. തനിക്കെതിരായ തെറ്റായ പ്രചാരണങ്ങൾക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും മലപ്പുറം പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഫൗസിയ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here