ലാഹോര്‍: ഈ വര്‍ഷം നടക്കേണ്ട ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിനായി പാകിസ്ഥാന്‍ മുന്നോട്ടുവെച്ച ഹൈബ്രിഡ് മോഡല്‍ തള്ളി മറ്റ് ബോര്‍ഡുകള്‍. ഇതോടെ പാകിസ്ഥാന്‍ ഏഷ്യാ കപ്പില്‍ നിന്ന് പിന്‍മാറിയേക്കും എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ശ്രീലങ്ക, അഫ്‌ഗാനിസ്ഥാന്‍, ബംഗ്ലാദേശ് ടീമുകള്‍ക്കും പാകിസ്ഥാന്‍ മുന്നോട്ടുവെച്ച ഹൈബ്രിഡ് മോഡലിനോട് യോജിപ്പില്ല. ഇതോടെ ടൂര്‍ണമെന്‍റ് ഒന്നാകെ നിഷ്‌പക്ഷ വേദിയില്‍ നടത്തുകയോ അല്ലെങ്കില്‍ വിട്ടുനില്‍ക്കുകയോ മാത്രമാണ് പാക് ബോര്‍ഡിന് മുന്നിലുള്ള പോംവഴിയെന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്‌തു.
ഏഷ്യാ കപ്പ് നടത്തുന്നതിനായി ആതിഥേയ ബോര്‍ഡായ പിസിബിയുടെ ചെയര്‍മാര്‍ നജാം സേഥിയാണ് ഹൈബ്രിഡ് മോഡല്‍ എന്ന ആശയം മുന്നോട്ടുവെച്ചത്. ടീം ഇന്ത്യയുടെ മത്സരങ്ങള്‍ നിഷ്‌പക്ഷ വേദിയില്‍ നടത്തുകയും മറ്റ് ടീമുകളുടെ കളികള്‍ക്ക് പാകിസ്ഥാന്‍ തന്നെ വേദിയാവുന്നതുമായിരുന്നു സേഥിയുടെ ഹൈബ്രിഡ് മോഡല്‍. സുരക്ഷ കാരണങ്ങളാല്‍ ഇന്ത്യന്‍ ടീം പാകിസ്ഥാനിലേക്ക് യാത്ര ചെയ്യില്ല എന്നുറപ്പായതോടെയാണ് ഹൈബ്രിഡ് മോഡലിലേക്ക് പാകിസ്ഥാന്‍ തിരിഞ്ഞത്. എല്ലാ മത്സരങ്ങളും നിഷ്പക്ഷ വേദിയിലേക്ക് മാറ്റാനും പാകിസ്ഥാന്‍ തയ്യാറായില്ല.
മത്സരങ്ങളെല്ലാം പാകിസ്ഥാന് പുറത്തേക്ക് മാറ്റണം എന്ന ബിസിസിഐയുടെ താല്‍പര്യത്തോട് ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്‌ഗാനിസ്ഥാന്‍ ബോര്‍ഡുകള്‍ യോജിച്ചതോടെ വേദിയുടെ കാര്യത്തില്‍ പാകിസ്ഥാന്‍ ഇപ്പോള്‍ പൂര്‍ണ അനിശ്ചിതത്വത്തിലായി. മത്സരങ്ങള്‍ പാകിസ്ഥാനില്‍ നടത്തില്ലെങ്കില്‍ സ്വീകരിക്കേണ്ട നിലപാട് എന്തെന്ന് മറ്റ് ബോര്‍ഡുകളെ പിസിബി ചെയര്‍മാര്‍ സേഥി അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ന്യൂട്രല്‍ വേദിയില്‍ മത്സരം നടത്തുകയോ അല്ലെങ്കില്‍ ടൂര്‍ണമെന്‍റില്‍ നിന്ന് പിന്‍മാറുകയോ മാത്രമാണ് പാകിസ്ഥാന് മുന്നിലുള്ള പോംവഴിയെന്നാണ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞത്. ഏഷ്യാ കപ്പ് ഉപേക്ഷിച്ച് ഏകദിന ലോകകപ്പിന് മുമ്പ് ഇന്ത്യയുള്‍പ്പെടെ നാലോ അഞ്ചോ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പര നടത്താനുള്ള ചര്‍ച്ചകളും നടക്കുന്നതായാണ് സൂചന.