കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഡ്യൂട്ടി ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നിർണായക റിപ്പോർട്ട് പുറത്തുവന്നു. ഡോ വന്ദനയെ ആക്രമിച്ച് കൊലപ്പെടുത്തുന്ന സമയത്ത് പ്രതി സന്ദീപ് ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഫോറൻസിക് പരിശോധന ഫലം കോടതിക്ക് കൈമാറിയിട്ടുണ്ട്.
പ്രതിയുടെ രക്തം, മൂത്രം എന്നിവയിൽ മദ്യത്തിന്റെയോ ലഹരി വസ്തുക്കളുടെയോ സാന്നിദ്ധ്യമില്ലെന്നാണ് പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. സന്ദീപിന് കാര്യമായ മാനസിക പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.
Also Read:ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 40 കോടി സ്വന്തമാക്കി മലയാളി വനിത
രാത്രി സമയത്ത് സന്ദീപിനെ പൊലീസ് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ച സമയത്ത് ഡോക്ടർ വന്ദനയെ കൊലപ്പെടുത്തുവാനും മറ്റുള്ളവരെ കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. സംഭവ സമയത്ത് ഇയാൾ ലഹരിക്കടിമയായിരുന്നു എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ ആ നിഗമനത്തെ തെറ്റെന്നു തെളിയിക്കുകയാണ് പുതിയ റിപ്പോർട്ട്.
സന്ദീപിനെ പത്ത് ദിവസത്തെ ചികിത്സയ്ക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിച്ചിരുന്നു. പത്ത് ദിവസം ഇയാളെ മെഡിക്കൽ ബോർഡ് നിരീക്ഷിച്ചു. മാനസിക പ്രശ്നങ്ങളുളള വ്യക്തിയല്ല സന്ദീപ് എന്നാണ് മെഡിക്കൽ ബോർഡ് വ്യക്തമാക്കിയിരിക്കുന്നത്. വിശദമായ റിപ്പോർട്ട് അന്വേഷണ സംഘത്തിനും കോടതിക്കും പെട്ടെന്ന് കൈമാറും.