ജാതി-മത വിവേചനമില്ലാതെ കർണാടക കോൺഗ്രസ് സർക്കാർ തങ്ങളുടെ അഞ്ച് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മേയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 224-ൽ 135 സീറ്റുകളും നേടിയാണ് കോൺഗ്രസ് അധികാരത്തിലെത്തിയത്. അന്ന് ഈ പദ്ധതികൾ നടപ്പിലാക്കാൻ ഏകദേശം 50,000 കോടി രൂപ വാർഷിക ചെലവ് വരുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. “ജാതി-മത വിവേചനമില്ലാതെ അഞ്ച് വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ സംസ്ഥാനം തീരുമാനിച്ചതായി” മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
ഗൃഹജ്യോതി
എല്ലാ വീട്ടിലും 200 യൂണിറ്റ് സൗജന്യ വൈദ്യുതി എന്ന ലക്ഷ്യത്തോടെയുള്ള ഗൃഹജ്യോതി പദ്ധതിയാണ് മന്ത്രിസഭയുടെ ആദ്യത്തെ പദ്ധതിയെന്നും സിദ്ധരാമയ്യ അറിയിച്ചു. ജൂലൈ 1 മുതൽ എല്ലാ മാസവും എല്ലാ കുടുംബങ്ങൾക്കും ഗൃഹജ്യോതിയുടെ കീഴിൽ 200 യൂണിറ്റ് സൗജന്യ വൈദ്യുതി ലഭിക്കും. 12 മാസത്തെ ശരാശരി ഉപഭോഗം കണക്കാക്കുകയും തുടർന്ന് 10 ശതമാനം കിഴിവ് നൽകുകയും ചെയ്യും. ഒരു വീട്ടില്‍ 200 യൂണിറ്റില്‍ കുറവ് വെെദ്യുതിയാണ് ഉപയോഗിക്കുന്നതെങ്കില്‍ അതിന് പണം നല്‍കേണ്ടതുമില്ല.
ഗൃഹ ലക്ഷ്മി
സ്ത്രീകൾക്ക് പ്രതിമാസം 2,000 രൂപ സഹായം നൽകുന്ന പദ്ധതിയാണ്. ഇതിനായി സ്ത്രീകൾ അവരുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, ആധാർ കാർഡ്, കുടുംബനാഥനെ നിർണ്ണയിക്കുന്നതിനുള്ള അപേക്ഷ എന്നിവ സമർപ്പിക്കേണ്ടതുണ്ട്. കൂടാതെ ജൂൺ 15 നും ജൂലൈ 15 നും ഇടയിൽ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. ശേഷം ആഗസ്ത് 15-നകം ഡാറ്റ പ്രോസസ്സ് ചെയ്ത ശേഷം സ്‌കീം ആരംഭിക്കുകയും ഫണ്ട് സ്ത്രീകളുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുമെന്നും സർക്കാർ അറിയിച്ചു. ഈ പദ്ധതി ബിപിഎൽ, എപിഎൽ കുടുംബങ്ങൾക്കും പ്രയോജനപ്പെടുത്താം.
ഗൃഹലക്ഷ്മി പദ്ധതി ജൂണിൽ ആരംഭിക്കാൻ ആണ് ഉദ്ദേശിച്ചിരുന്നതെന്നും എന്നാൽ ആധാർ കാർഡുകളും ബാങ്ക് അക്കൗണ്ടുകളും ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങൾ നേരിട്ടതുമൂലമാണ് നീണ്ടുപോയതെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
അന്ന ഭാഗ്യ
ഒരു കുടുംബത്തിലെ ബിപിഎൽ വിഭാഗത്തിലെ ഓരോ അന്ത്യോദയ കാർഡുടമകൾക്കും ജൂലൈ 1 മുതൽ 10 കിലോ അരി സൗജന്യമായി നൽകുന്ന പദ്ധത്തിയാണ് അന്ന ഭാഗ്യ. ഇതിനു മുൻപ് കോൺഗ്രസ് സർക്കാർ 7 കിലോ അരി വീതം നൽകിയിരുന്നു, ഇത് മുൻ ബിജെപി സർക്കാർ 5 കിലോയായി കുറച്ചിരുന്നു.
ശക്തി
ജൂൺ 11 മുതൽ കർണാടകയിലെ എസി ബസുകൾ, എസി സ്ലീപ്പർ ബസുകൾ, മറ്റ് ആഡംബര ബസുകൾ എന്നിവ ഒഴികെയുള്ള പൊതുഗതാഗത ബസുകളിൽ സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാം. ഇതാണ് ശക്തി പദ്ധതി. ഏറെ പ്രതീക്ഷയോടെ കോൺഗ്രസ് കാത്തിരിക്കുന്ന പദ്ധതിയാണിത്. ബിഎംടിസി, കെഎസ്ആർടിസി ബസുകളിലും ഈ ആനുകൂല്യം ലഭിക്കും. കെഎസ്ആർടിസിയിൽ 50 ശതമാനം സീറ്റുകൾ പുരുഷന്മാർക്കും ബാക്കി സ്ത്രീകൾക്കുമായി സംവരണം ചെയ്യുമെന്നും സിദ്ധരാമയ്യ അറിയിച്ചു.
യുവ നിധി
ബിരുദ വിദ്യാർത്ഥികൾക്ക് എല്ലാ മാസവും 3,000 രൂപയും ഡിപ്ലോമ വിദ്യാർത്ഥികൾക്ക് 1,500 രൂപയും 24 മാസത്തേക്ക് നൽകുന്ന പദ്ധതിയാണ് യുവ നിധി. ട്രാൻസ്‌ജെൻഡർ വ്യക്തികൾ ഉൾപ്പെടെ ലിംഗഭേദ, ജാതി, മത, ഭാഷ വിവേചനമില്ലാതെ എല്ലാ വിദ്യാർത്ഥികളെയും ഇതിൽ ഉൾപ്പെടുത്തും.
അതേസമയം ഇതൊരു ചരിത്ര ദിനമാണെന്നും തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ കോൺഗ്രസ് പാലിച്ചെന്നും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും പ്രതികരിച്ചു. കൂടാതെ അന്നഭാഗ്യ പദ്ധതിയുമായി ബന്ധപ്പെട്ട്, കർണാടകയ്ക്ക് അരി നൽകാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തോടും ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയോടും (എഫ്‌സിഐ) അഭ്യർത്ഥിക്കുമെന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി കെ എച്ച് മുനിയപ്പയും അറിയിച്ചു.