കർണാടകയിലെ ശിവമോഗയിൽ 19 കാരിയായ മുസ്ലീം പെൺകുട്ടിയെ വീട്ടിൽ വാഹനത്തിൽ വീട്ടിൽ കൊണ്ടുചെന്നാക്കിയ 20 കാരനായ ഹിന്ദു യുവാവിനെ ഒരു കൂട്ടം ആളുകൾ ചേർന്ന് ക്രൂരമായി മർദിച്ചതായിറിപ്പോർട്ട്. ആക്രമണത്തിൽ ഉൾപ്പെട്ട അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
മുസ്ലീം പെൺകുട്ടിയായ സഹപാഠിയെ വീട്ടിൽ ഇറക്കിയ ശേഷം ബദ്രാവതിയിലെ കലന്ദർ നഗറിലേക്ക് തിരിച്ച് പോകുമ്പോഴാണ് അഞ്ച് പേർ ചേർന്ന് തന്നെ തടഞ്ഞ് നിർത്തി ചോദ്യം ചെയ്തതെന്ന് ഹിന്ദു യുവാവ് വിനയ് കുമാർ പോലീസിനോട് പറഞ്ഞു. “ഞാൻ പേര് പറഞ്ഞപ്പോൾ, എന്തിനാണ് ഒരു മുസ്ലീം പെൺകുട്ടിയോടൊപ്പം യാത്ര ചെയ്തതെന്ന് ചോദിച്ച് അവർ മർദിക്കുകയായിരുന്നു. മുഖത്തും ഇടതുകണ്ണിലും കാലിലും പുറത്തും മർദനമേറ്റിട്ടുണ്ടെന്ന് വിനയ് കുമാർ പറഞ്ഞു. “മിസാൻ ഖാൻ എന്നയാളാണ് തങ്ങളെ രക്ഷിച്ചതെന്നും. അദ്ദേഹം തന്നെയാണ് ആശുപത്രിയിലെത്തിച്ചതെന്നും വിനയ് കുമാർ തന്റെ പരാതിയിൽ പറഞ്ഞു. ഇതിനിടെ വിനയ് കുമാറിനെ രക്ഷിക്കാനെത്തിയ സുഹൃത്തുക്കളായ യശവന്ത (19), അഭി (20) എന്നിവരെയും സംഘം മർദ്ദിച്ചു.
സെക്ഷൻ 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 504 ( മനഃപൂർവമായ അവഹേളനം), 143 (നിയമവിരുദ്ധമായി സംഘം ചേരൽ), 147 (കലാപം സൃഷ്ടിക്കൽ), 149 (അനധികൃതമായി ഒത്തുചേരൽ) എന്നിവ പ്രകാരമാണ് അഞ്ചുപേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന്റെ പേരിൽ കൂടുതൽ സംഘർഷങ്ങൾ നടക്കാതിരിക്കാനുള്ള നടപടികൾ പോലീസ് സ്വീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ തന്നെ മുസ്ലീം യുവതിയ്ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ച ഹിന്ദു യുവാവിനെ ഒരു സംഘം ക്രൂരമായി മര്‍ദിച്ച റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. ചിക്കബല്ലാപൂരിലാണ് സംഭവം നടന്നത്. ഒരു കൂട്ടം മുസ്ലിം യുവാക്കളാണ് യുവാവിനെ ക്രൂരമായി മര്‍ദിച്ചത്. മുസ്ലീം യുവതിയോടൊപ്പം ഭക്ഷണശാലയിലിരുന്ന് ലഘുഭക്ഷണം കഴിക്കവെയാണ് യുവാവിനെ ഒരു സംഘം ആക്രമിച്ചത്. കൂടാതെ ഒരു ഹിന്ദു പുരുഷനോടൊപ്പം ഭക്ഷണശാലയിലെത്തിയതിന് യുവതിയെയും ഈ സംഘം ഭീഷണിപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു. ചിക്കബബല്ലാപൂരിലെ ഗോപിക ചാറ്റ്‌സ് എന്ന കടയിലാണ് ഇരുവരും ഭക്ഷണം കഴിക്കാനായി എത്തിയത്. യുവതി ബൂര്‍ഖയും ഹിജാബും ധരിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. എന്നാൽ യുവതിയോടൊപ്പമുള്ള പുരുഷന്‍ ഹിന്ദുവാണെന്ന് മനസിലാക്കിയ ആക്രമികളാണ് യുവാവിനെ ക്രൂരമായി മര്‍ദിച്ചത്. ആദ്യം ഈ സംഘം യുവാവിനെ മര്‍ദിക്കാനാരംഭിച്ചു. ഇത് കണ്ട് യുവാവിനെ രക്ഷിക്കാനായി യുവതി രംഗത്തെത്തിയിരുന്നു. തനിക്ക് അറിയാവുന്നയാളാണ് അദ്ദേഹം എന്നും യുവതി അക്രമി സംഘത്തോട് പറഞ്ഞു. എന്നാല്‍ ഇതൊന്നും അവര്‍ ചെവികൊണ്ടില്ലെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നീട് യുവതിയ്ക്ക് നേരെ തിരിഞ്ഞ സംഘം അവരെ ഭീഷണിപ്പെടുത്തി. ഒരു ഹിന്ദു യുവാവിനോടൊപ്പം ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കുന്നത് തെറ്റാണെന്നും അതിന് ആദ്യം മാപ്പ് പറയണമെന്നും സംഘം യുവതിയോട് ആവശ്യപ്പെട്ടു.