അവിഹിതബന്ധത്തിൽ ഇരട്ടക്കൊല; ഭാര്യയെ കൊന്ന യുവാവിനെ കാമുകിയുടെ ഭര്‍ത്താവ്‌ കൊലപ്പെടുത്തി

0
237

സൂറത്ത് ∙ സുഹൃത്തിന്റെ ഭാര്യയുമായുള്ള അവിഹിത ബന്ധത്തെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ഭാര്യയെ കൊന്ന ഭർത്താവിനെ പിന്നീട് സുഹൃത്ത് കൊലപ്പെടുത്തി. ഗുജറാത്തിലെ സൂറത്തിൽ തിങ്കളാഴ്ചയായിരുന്നു ഇരട്ടക്കൊലപാതകം. ദഹോദ് സ്വദേശിയായ കൗശിക് റാവത്ത്, ഭാര്യ കൽപന എന്നിവരാണു കൊല്ലപ്പെട്ടത്. താപി നദിക്കരയിൽനിന്നാണ് യുവതിയുടെയും ഭർത്താവിന്റെയും മൃതദേഹങ്ങൾ കണ്ടെടുത്തതെന്നു ചൗക്ക് ബസാർ പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചു. കൗശിക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സുഹൃത്തായ അക്ഷയ് കടാരയെ പൊലീസ് അറസ്റ്റ് ചെയ്തു.

സൂറത്തിൽ നിർമാണ തൊഴിലാളിയായ കൗശിക് റാവത്തും കൽപനയും പലൻപുർ പ്രദേശത്താണു താമസിച്ചിരുന്നത്. ഒരു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. കൗശിക് റാവത്തിന്റെ സുഹൃത്തും പ്ലമറുമായ അക്ഷയ് കടാരയും മീനയും നവദമ്പതികളാണ്. ദാഹോദിൽനിന്ന് സൂറത്തിലെത്തിയ ഇരുവരും കൗശിക്കിന്റെ വീട്ടിൽ താമസം തുടങ്ങി. രണ്ടു ദമ്പതികളും തമ്മിൽ നല്ല ബന്ധമായിരുന്നു. ദിവസങ്ങൾക്കിടെ, കൗശിക് റാവത്തും മീനയും തമ്മിൽ രഹസ്യബന്ധം രൂപപ്പെട്ടു. വീടിനു പുറത്തുവച്ച് രണ്ടുപേരും കാണാൻ തുടങ്ങി.

ഇക്കാര്യം മനസ്സിലാക്കിയ കൽപന ഭർത്താവുമായി വഴക്കിട്ടു. ബന്ധം തുടരരുതെന്നു താക്കീത് ചെയ്തു. പക്ഷേ, കൗശിക്കിന്റെയും മീനയുടെയും പെരുമാറ്റത്തിൽ യാതൊരു മാറ്റവുമുണ്ടായില്ല. ഇതോടെ മീനയുടെ ഭർത്താവ് അക്ഷയ്‌യുമായി കൽപന ഇക്കാര്യം ചർച്ച ചെയ്തു. അവിഹിത‌ബന്ധം അവസാനിപ്പിക്കണമെന്നു മീനയോട് അക്ഷയ്‌‌യും ആവശ്യപ്പെട്ടു. തർക്കത്തെ തുടർന്ന് മീന ഇവരുടെ വീട്ടിൽനിന്ന് ഇറങ്ങി സ്വന്തം വീട്ടിലേക്കു പോയി. പിന്നാലെ അക്ഷയ്‌യും കൗശിക്കിന്റെ വീട്ടിൽനിന്നിറങ്ങി. രണ്ടുപേരും പോയതോടെ കൽപനയും കൗശിക്കും തമ്മിൽ വാക് തർക്കമായി.

‘നീ കാരണമാണ് അക്ഷയ്‌യും മീനയും വഴക്കിട്ടത്’ എന്നാരോപിച്ച് കൽപനയെ കൗശിക്ക് മർദിച്ചു, കഴുത്തുഞെരിച്ച് കൊന്നു. മൃതദേഹം വീട്ടിനകത്തു മേൽക്കൂരയിലെ കൊളുത്തിൽ കെട്ടിത്തൂക്കി. കുറച്ചുസമയത്തിനുശേഷം മടങ്ങിയെത്തിയ അക്ഷയ് കണ്ടത് കൽപനയുടെ തൂങ്ങിയാടുന്ന മൃതദേഹവും സമീപത്തിരിക്കുന്ന കൗശിക്കിനെയുമാണ്. കൽപനയെ കൊലപ്പെടുത്തിയതാണെന്ന് അക്ഷയിനു മനസിലായെങ്കിലും അതു പുറത്തു കാണിക്കാതെ കൗശിക്കിനൊപ്പം ചേര്‍ന്ന് മൃതദേഹം ചാക്കിലാക്കി. ചൗക്ക് ബസാറിലെ ഫൂൽപഡ പ്രദേശത്ത് താപി നദിക്കരയിലെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു.

ഇതിനു ശേഷം നദിക്കരയിലേക്കു നടക്കുകയായിരുന്ന കൗശിക്കിന്റെ തലയിൽ അക്ഷയ് കല്ലുകൊണ്ടിടിച്ച് പരുക്കേൽപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ കൗശിക്ക് സംഭവസ്ഥലത്തുതന്നെ മരിച്ചു. തിങ്കളാഴ്ച രാത്രിയോടെ അക്ഷയിനെ അറസ്റ്റ് ചെയ്തെന്നും ഇരട്ടക്കൊലപാതകത്തെപ്പറ്റി ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്നും സൂറത്ത് പൊലീസ് കമ്മിഷണർ അജയ് കുമാർ തോമർ മാധ്യമങ്ങളോടു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here