അലഹബാദ്: വിചാരണക്കോടതി ഉത്തരവിനെതിരെ ഗ്യാൻവാപി മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹരജി അലഹബാദ് ഹൈക്കോടതി തള്ളി. ആരാധനക്ക് അനുമതി തേടിയ ഹരജി നിലനിൽക്കുമെന്ന വരാണസി ജില്ലാ കോടതിയുടെ ഉത്തരവാണ് ശരിവെച്ചത്. അഞ്ച് ഹിന്ദു സ്ത്രീകളുടെ ഹരജിയിലെ ഉത്തരവിന് എതിരെയായിരുന്നു മസ്ജിദ് കമ്മിറ്റിയുടെ അപ്പീൽ.
ഹിന്ദു സ്ത്രീകളുടെ ഹരജി ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹരജി 2022 സെപ്റ്റംബറിൽ ജില്ലാ കോടതി തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.
Also Read:കാർ മരത്തിലിടിച്ച് തീപിടിച്ചു; നവദമ്പതികൾ ഉൾപ്പടെ നാല് പേർക്ക് ദാരുണാന്ത്യം
ഗ്യാൻവാപി പള്ളിയുടെ പുറംഭിത്തിയിൽ ഹിന്ദു ദേവതകളുടെ വിഗ്രഹങ്ങൾ ഉണ്ടെന്നും ആരാധിക്കാൻ അനുമതി നൽകണമെന്നുമാണ് അഞ്ച് സ്ത്രീകൾ സമർപ്പിച്ച ഹരജിയിലെ ആവശ്യം. എന്നാൽ ഇത് 1991ലെ ആരാധനാലയ സംരക്ഷണ നിയമപ്രകാരം ഹരജി പരിഗണിക്കാനാവില്ലെന്നായിരുന്നു മസ്ജിദ് കമ്മിറ്റിയുടെ വാദം.
ഗ്യാൻവാപി പള്ളിയുമായി ബന്ധപ്പെട്ട മുഴുവൻ കേസുകളും ഒരുമിച്ച് വാദം കേൾക്കാൻ വാരണാസി ജില്ലാ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. നിലവിൽ ഫയൽ ചെയ്തിട്ടുള്ള എട്ട് കേസുകളിലാണ് ജില്ലാ കോടതി ഒരുമിച്ച് വാദം കേൾക്കുക.