മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെക്ക് ഒപ്പമുള്ള 22 എം.എൽ.എമാരും ഒമ്പത് എം.പിമാരും ബി.ജെ.പി സഖ്യത്തിൽ അസംതൃപ്തരെന്ന് ശിവസേന ഉദ്ധവ് വിഭാഗം മുഖപത്രമായ ‘സാംന’. അവർ ഷിൻഡെ ക്യാമ്പ് വിടാനുള്ള ഒരുക്കത്തിലാണെന്നും പത്രം പറയുന്നു.
തങ്ങളുടെ മണ്ഡലങ്ങളിൽ ഒരു വികസനവും നടക്കാത്തതിനാൽ ചില എം.എൽ.എമാർ ഷിൻഡെ ക്യാമ്പ് വിടാൻ സന്നദ്ധതയറിയിച്ച് തന്നെ സമീപിച്ചിട്ടുണ്ടെന്ന് ശിവസേന ഉദ്ധവ് പക്ഷത്തെ എം.പി വിനായക് റാവത്ത് പറഞ്ഞു.
13 എം.പിമാർ ഇപ്പോൾ എൻ.ഡി.എ സഖ്യത്തിന്റെ ഭാഗമാണ്. തങ്ങളുടെ മണ്ഡലങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ മുൻഗണനാക്രമത്തിൽ പരിഹരിക്കുമെന്നാണ് കരുതിയിരുന്നത്. പക്ഷേ അത് നടക്കുന്നില്ലെന്ന് ഷിൻഡെ പക്ഷക്കാരനായ ഗജനൻ കിർതികറിനെ ഉദ്ധരിച്ച് സാംന റിപ്പോർട്ട് ചെയ്തു.
മഹാരാഷ്ട്രയിലെ 48 ലോക്‌സഭാ സീറ്റുകളിൽ 22 എണ്ണം തങ്ങൾക്ക് കിട്ടണമെന്ന് കിർതികർ രണ്ട് ദിവസം മുമ്പ് ആവശ്യപ്പെട്ടിരുന്നു. അതേസമയം ആരും ആശങ്കപ്പെടേണ്ട, തെരഞ്ഞെടുപ്പ് വരുമ്പോൾ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നായിരുന്നു മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ പ്രതികരണം.