വിവാഹദിവസം ഓടിപ്പോയ വധുവിന് വേണ്ടി വധൂഗൃഹത്തിലെ വിവാഹവേദിയിൽ വിവാഹവസ്ത്രവും ധരിച്ച് വരൻ കാത്തിരുന്നത് 13 ദിവസം. ഒടുവിൽ വധു തിരികെ എത്തി വിവാഹം നടന്ന ശേഷമാണത്രെ ഇയാൾ തിരികെ പോകാൻ കൂട്ടാക്കിയത്.
സംഭവം നടന്നത് രാജസ്ഥാനിലാണ്. രാജസ്ഥാനിലെ സിരോഹി ജില്ലയിൽ നിന്നുള്ള ശ്രാവൺ കുമാറായിരുന്നു വരൻ. വധുവായ മനീഷയ്‍ക്ക് വേണ്ടി മണ്ഡപത്തിൽ വിവാഹ വേഷത്തിൽ 13 ദിവസം ഇയാൾ കാത്തിരുന്നു എന്നാണ് പറയുന്നത്. വിവാഹദിവസം രാവിലെ ബാത്ത്‍റൂമിൽ പോകണം എന്നും പറഞ്ഞ് പോയതാണ് മനീഷ. എന്നാൽ, പിന്നെ തിരികെ വന്നില്ല.
മെയ് മൂന്നിന് രാവിലെ വരൻ മനീഷയുടെ വീട്ടിൽ വിവാഹ ചടങ്ങുകൾക്കായി എത്തിയപ്പോഴാണ് സംഭവം. എല്ലാ ചടങ്ങുകളും പൂർത്തിയാക്കി. എന്നാൽ, അഗ്നിക്ക് വലം വയ്ക്കുന്ന ചടങ്ങ് എത്തുന്നതിന് ഏതാനും മിനിറ്റുകൾക്ക് മുമ്പ് മനീഷ തനിക്ക് വയ്യ എന്ന് പറയുകയായിരുന്നു. വയറുവേദനയും ഛർദിയും അനുഭവപ്പെടുന്നു എന്ന് പറഞ്ഞ് മനീഷ വീടിന് സമീപത്തെ ടാങ്കിന് പിന്നിലേക്ക് പോവുകയും ചെയ്തു.
എന്നാൽ, ഏറെ നേരം കഴിഞ്ഞിട്ടും അവൾ തിരികെ വന്നില്ല. പിന്നാലെ, ബന്ധുക്കൾ അന്വേഷിച്ചിറങ്ങി. അപ്പോഴാണ് കസിനുമായി മനീഷ പ്രണയത്തിലായിരുന്നു എന്നും അയാൾക്കൊപ്പം പോയതാണ് എന്നും മനസിലാകുന്നത്. എന്നാൽ, വിവരമറിഞ്ഞിട്ടും ശ്രാവൺ അവിടെ നിന്നും പോകാൻ കൂട്ടാക്കിയില്ല. മനീഷ തിരികെ എത്തുന്നത് വരെ അയാൾ അവിടെ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നുവത്രെ.
13 ദിവസം എടുത്തു മനീഷയെ കണ്ടെത്തി തിരികെ എത്തിക്കാൻ. അതുവരെ വരൻ തന്റെ വിവാഹ വസ്ത്രം പോലും അഴിക്കാൻ കൂട്ടാക്കിയില്ല എന്നാണ് പറയുന്നത്. ഒടുവിൽ മെയ് 15 -ന് വധുവിനെ കണ്ടെത്തി. തിരികെ എത്തിച്ച മനീഷയെ എല്ലാ ചടങ്ങുകൾ പ്രകാരവും ശ്രാവൺ കുമാർ വിവാഹം കഴിച്ചു. അതിന് ശേഷമാണ് അയാൾ അവിടെ നിന്നും തിരികെ പോകാൻ കൂട്ടാക്കിയതത്രെ.