ബീച്ചിൽ പോയാൽ ചിലപ്പോൾ ചില പ്രതീക്ഷിക്കാത്ത അപകടങ്ങളും അബദ്ധങ്ങളും ഒക്കെ സംഭവിക്കാറുണ്ട്. എന്നാൽ, ബീച്ചിൽ നിർത്തിയിട്ട കാർ ഒഴുകി കടലിൽ പോയാൽ എന്ത് ചെയ്യും? അതും ബിഎംഡബ്ല്യു ആണെങ്കിലോ? ഏതായാലും അങ്ങനെ ഒരു സംഭവമുണ്ടായി. അതിന്റെ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയാണ്. മണിക്കൂറുകൾ കഷ്‌ടപ്പെട്ടാണ് കാറിനെ കരയിൽ കയറ്റിയത്.
ബീച്ചിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു പ്രസ്തുത കാർ. സെന്റ് ആഗ്നസിൽ ട്രെവോനൻസ് കോവിലാണ് ഞായറാഴ്ച രാവിലെ സംഭവം നടന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. പിന്നാലെ തന്നെ സെന്റ് ആഗ്നസ് കോസ്റ്റ്ഗാർഡ് സെർച്ച് ആൻഡ് റെസ്ക്യൂ ടീമിനെ വിവരമറിയിച്ചു.
സോഷ്യൽ മീഡിയയിൽ വൈറലാവുന്ന വീഡിയോയിൽ കാർ തിരയിൽ പെട്ട് വെള്ളത്തിലേക്ക് പോകുന്നത് കാണാം. റെസ്ക്യൂ ടീമെത്തിയ ശേഷം വാഹനത്തിലുള്ളയാൾ സുരക്ഷിതനാണ് എന്ന് ഉറപ്പ് വരുത്തി. കാർ കരയിൽ സുരക്ഷിതമായി എത്തിക്കുന്നത് വരെ അതുപോലെ തന്നെ ഇരിക്കാനും ഇയാളോട് സംഘം ആവശ്യപ്പെട്ടു. രാവിലെ എട്ടരയോട് കൂടി സ്ഥലത്തെത്തിയ സംഘം പത്തേകാലോടെയാണ് കാർ സുരക്ഷിതമായി കരയിലെത്തിച്ച് തിരികെ പോയത് എന്ന് റിപ്പോർട്ടുകൾ പറയുന്നു.
കരയിലെത്തിച്ച ശേഷവും അകത്ത് വെള്ളം നിറഞ്ഞതിനെ തുടർന്ന് കാർ പ്രവർത്തിക്കാൻ കഴിയാത്ത രീതിയിൽ ആയിരുന്നു. ഒരു എക്സ്ഹോസ്റ്റ് പൈപ്പിൽ നിന്നും പുറത്തേക്ക് വെള്ളം കളയുന്നതും വീഡിയോയിൽ കാണാം. ഏതായാലും അനേകം പേരാണ് സോഷ്യൽ മീഡിയയിൽ വീഡിയോ കണ്ടത്. കടൽക്കരയിൽ കാർ നിർത്തിയിടുമ്പോൾ സൂക്ഷിക്കണം എന്നാണ് പലർക്കും വീഡിയോ കാണുമ്പോൾ പറയാനുണ്ടായിരുന്നത്. നേരത്തെയും ഇതുപോലെ കടൽക്കരയിൽ നിർത്തിയിട്ടിരുന്ന കാർ തിരയിൽ പെട്ട് കടലിലേക്ക് ഇറങ്ങിച്ചെന്ന സംഭവം ഉണ്ടായിട്ടുണ്ട്.