കണ്ണൂർ ഇരിക്കൂറിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണവും 22,000 രൂപയും കവർന്നു; ഉപ്പള സ്വദേശിയടക്കം രണ്ടുപേർ പിടിയിൽ

0
326

ഇരിക്കൂർ. പട്ടാപ്പകൽ വീട് കുത്തിതുറന്ന് 20 പവൻ്റെ ആഭരണങ്ങളും 22000 രൂപയും കവർന്ന മോഷ്ടാക്കളെ 24 മണിക്കുറിനുള്ളിൽ പോലീസ് പിടികൂടി. കുപ്രസിദ്ധ മോഷ്ടാവും ഇരുപതോളം കേസിലെ പ്രതിയുമായ കൊല്ലം ഏഴുകോൺ സ്വദേശി അഭിവിഹാറിൽ അഭിരാജ് (31), കാസറഗോഡ് ഉപ്പള മുസോടി ശാരദാ നഗറിലെ കിരൺ (29) എന്നിവരെയാണ് ഇരിട്ടി ഡിവൈ.എസ്.പി.സജേഷ് വാഴവളപ്പിലിൻ്റെ പ്രത്യേക അന്വേഷണ സംഘത്തിലെ ഇരിക്കൂർ എസ്.ഐ.കെ.ദിനേശൻ, എ.എസ്.ഐ.ഏ.ജി.അബ്ദുൾറൗഫ്, സീനിയർ സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത്, സിവിൽ പോലീസ് ഓഫീസർ ജയദേവൻ എന്നിവർ ഇന്ന് പുലർച്ചെ ധർമ്മശാലയിൽ വെച്ച് പിടികൂടിയത്.

ഇരിക്കൂർ പടിയൂരിലെ ചടച്ചി കുണ്ടത്തെ ബെന്നി ജോസഫിൻ്റെ വീട്ടിലാണ് കവർച്ച നടന്നത്.ഇന്നലെ രാവിലെ 7 മണിയോടെ കല്ലു വയൽ സെൻ്റ് ആൻ്റണീസ് ദേവാലയത്തിൽ കുർബാനക്ക് പോയ സമയത്തായിരുന്നു കവർച്ച.കുർബാന കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മുൻവശത്തെ വാതിൽ കുത്തിതുറന്ന നിലയിൽ കണ്ടത്. അകത്ത് കയറി പരിശോധിച്ചപ്പോഴാണ് കിടപ്പുമുറിയിലെ അലമാര കുത്തി തുറന്ന് മോഷ്ടാക്കൾ ആഭരണങ്ങളും പണവും കവർന്നത് കണ്ടത്.വീട്ടിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകൾ തകർത്ത മോഷ്ടാക്കൾ സിസിടിവിയുടെ ഹാർഡ് ഡിസ്ക്കും കടത്തികൊണ്ടു പോയിരുന്നു. പിറക് വശത്തെവർക്ക് ഏരിയയുടെ ഗ്രീൽസും തകർത്ത നിലയിലാണ്.വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് എസ്.ഐ.കെ.ദിനേശൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു. കേസെടുത്ത പോലീസ് മോഷ്ടാക്കൾക്കായി തെരച്ചിൽ നടത്തുന്നതിനിടെ ഇന്ന് പുലർച്ചെ ഒരു മണിയോടെ പറശിനിക്കടവ് ധർമ്മശാലയിൽ വെച്ച് മോഷ്ടാക്കളെ പിടികൂടുകയായിരുന്നു. ജയിൽ ശിക്ഷക്കിടെ പുറത്തിറങ്ങിയ ഇരുവരും രണ്ട് ദിവസമായി പറശിനിക്കടവിലെ ലോഡ്ജ് മുറിയിൽ താമസിച്ചു വരികയായിരുന്നു. സ്കൂട്ടിയിൽ കറങ്ങിയാണ് കവർച്ച നടത്തിയത്. സ്കൂട്ടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഇതിന് വ്യാജ നമ്പർ പതിച്ച നിലയിലാണ് ഇതും മോഷ്ടിച്ചതാണോ എന്ന നിഗമനത്തിൽ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here