അഹമ്മദാബാദ്: ഐപിഎല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും നേര്‍ക്കുനേര്‍ വരാനിരിക്കെ ആരാധകരെ നിരാശരാക്കി മഴയെത്തിയിരുന്നു. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ 7.30നാണ് മത്സരം ആരംഭിക്കേണ്ടത്. എന്നാല്‍ കനത്ത ഇടിയും മഴയും കാരണം ടോസിടാന്‍ പോലും സാധിച്ചിട്ടില്ല. ഫൈനലിനായി നേരത്തെ തന്നെ സ്റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിച്ച് തുടങ്ങിയിരുന്നു. ഇന്ന് വൈകിട്ട് അഹമ്മദാബാദില്‍ മഴയും കാറ്റും ഇടിയുമുണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനമുണ്ടായിരുന്നു.
ഫൈനല്‍ മഴ കൊണ്ടുപോയാല്‍ എന്ത് ചെയ്യുമെന്നാണ് ആരാധകരെ ആശങ്കയിലാഴ്ത്തുന്നത്. എന്നാല്‍ ആരാധകര്‍ നിരാശരാവേണ്ടതില്ല. കഴിഞ്ഞ സീസണിലെ പോലെ ഇത്തവണ റിസര്‍വ് ഡേ ഉണ്ട്. ഇന്ന് മത്സരം പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ നാളെ കളിക്കും. 9.35 ശേഷം മത്സരം തുടങ്ങാണെങ്കില്‍ മാത്രമെ ഓവര്‍ വെട്ടിചുരുക്കൂ. കട്ട് ഓഫ് ടൈമായ രാത്രി 12.26നെങ്കിലും അഞ്ചോവര്‍ മത്സരം സാധ്യമാവുമോ എന്ന് അമ്പയര്‍മാര്‍ പരിശോധിക്കും. ഇതും സാധ്യമല്ലെങ്കില്‍ സൂപ്പര്‍ ഓവറെങ്കിലും സാധ്യമാവുമോ എന്ന് പരിശോധിക്കും. നേരത്തെയും റിസര്‍വ് ഡേ ഉണ്ടാവുമെന്നുള്ള വാര്‍ത്തകള്‍ വന്നിരുന്നു. പിന്നീട് റിസര്‍വ് ഡേ ഇല്ലെന്നുള്ള വാര്‍ത്തുകളും പുറത്തുവന്നു. എന്നാലിപ്പോള്‍ ഔദ്യോഗിക തീരുമാനെത്തിയിരിക്കുകയാണ്.
അതേസമയം, എട്ട് മണിയോടെ മഴ അവസാനിക്കുമെന്നും മൈതാനത്തെ വെള്ളം തുടച്ചുമാറ്റിയ ശേഷം എട്ടരയോടെ കളിയാരംഭിക്കാന്‍ കഴിയും എന്നുമാണ് പുതിയ കാലാവസ്ഥാ സൂചന. പ്രവചനം പോലെ സാധ്യമായാല്‍ അഹമ്മദാബാദില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സും-ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള കലാശപ്പോര് 20 ഓവര്‍ വീതമുള്ള മത്സരമായി നടക്കും. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വിശിഷ്ടാതിഥികള്‍ അടക്കം ഒരുലക്ഷത്തിലധികം പേരാണ് ഫൈനല്‍ വീക്ഷിക്കാനെത്തുന്നത്.
ഇന്ന് ഉച്ചതിരിഞ്ഞ് ആയിരക്കണക്കിന് ആരാധകര്‍ സ്റ്റേഡിയത്തിന് പരിസരത്ത് എത്തിയിരുന്നു. ഗുജറാത്ത് ടൈറ്റന്‍സ് ഹോം ടീമാണെങ്കിലും ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ആരാധകരാണ് ഫൈനല്‍ കാണാന്‍ കൂടുതലായും എത്തിയിരിക്കുന്നത്. സിഎസ്‌കെയുടേയും എം എസ് ധോണിയുടേയും ചാന്റുകള്‍ മുഴക്കിയാണ് ആരാധകരില്‍ അധികവും സ്റ്റേഡിയത്തിലെത്തിയത്. കലാശപ്പോരില്‍ മുഖാമുഖം വരുന്ന ഗുജറാത്ത് ടൈറ്റന്‍സ് നിലവിലെ ചാമ്പ്യന്‍മാരും സിഎസ്‌കെ നാല് തവണ കിരീടം നേടിയവരുമാണ്. സിഎസ്‌കെ ക്യാപ്റ്റന്‍ എം എസ് ധോണിയാണ് ഫൈനലിന്റെ പ്രധാന ആകര്‍ഷണം.