അഹമ്മദാബാദ്: ഐപിഎല്‍ 2023 ഫൈനല്‍ ചരിത്രമാകും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാണികള്‍ പങ്കെടുക്കുന്ന ഫൈനലാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വരാനിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ ഇവിടെ കലാശപ്പോരിനുള്ള എല്ലാ ടിക്കറ്റുകളും അതിവേഗം വിറ്റുപോയി. ഇതോടെ വിശിഷ്‌ടാതിഥികള്‍ അടക്കം ഒരുലക്ഷത്തിലധികം പേര്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള ഫൈനല്‍ വീക്ഷിക്കും. ഇത് പുതിയ ഐപിഎല്‍ റെക്കോര്‍ഡാവും.
രണ്ട് കാരണങ്ങളാണ് പ്രധാനമായും നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇത്രയേറെ കാണികളെ ആകര്‍ഷിക്കാനുള്ള കാരണം. നിലവിലെ ഐപിഎല്‍ ചാമ്പ്യന്‍മാരും ഹോം ടീമുമായ ഗുജറാത്ത് ടൈറ്റന്‍സാണ് ഫൈനലില്‍ ഒരു വശത്ത്. ടൈറ്റന്‍സ് കിരീടം നിലനിര്‍ത്താന്‍ തയ്യാറെടുക്കുമ്പോള്‍ മറുവശത്തുള്ളതാവട്ടെ എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ്. ഐപിഎല്‍ കരിയറിലെ അഞ്ചാം കിരീടം ലക്ഷ്യമിട്ടാണ് ധോണിയും സിഎസ്‌കെയും ഇറങ്ങുക. എം എസ് ധോണിയുടെ അവസാന ഐപിഎല്‍ സീസണായിരിക്കും ഇതെന്ന അഭ്യൂഹങ്ങള്‍ മുമ്പേ തന്നെ ശക്തമായതിനാല്‍ തല ഫാന്‍സിന്‍റെ നീണ്ട നിരയെ അഹമ്മദാബാദില്‍ പ്രതീക്ഷിക്കുന്നു. മുമ്പ് ഇവിടെ നടന്ന സിഎസ്‌കെയുടെ മത്സരം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആരാധകരാല്‍ നിറഞ്ഞിരുന്നു.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍സമയം വൈകിട്ട് 7.30നാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള ഐപിഎല്‍ ഫൈനല്‍ ആരംഭിക്കുക. മത്സരം സ്റ്റാര്‍ സ്പോര്‍ട്‌സിലൂടെയും ജിയോ സിനിമയിലൂടേയും ആരാധകര്‍ക്ക് തല്‍സമയം കാണാം. മത്സരത്തിന് മഴ ഭീഷണിയുണ്ട് എന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്.