കോഴിക്കോട്: ഒളവണ്ണയിലെ ഹോട്ടലുടമയും തിരൂർ സ്വദേശിയുമായ സിദ്ദീഖ് വധക്കേസിൽ തന്റെ മകളെ കാമുകൻ ഷിബിലി കുടുക്കിയതാണെന്ന് ഫർഹാനയുടെ മാതാവ് ഫാത്തിമ. ഷിബിലിയും ഫർഹാനയും തമ്മിൽ സ്‌നേഹത്തിലായിരുന്നുവെന്നും സിദ്ദീഖിനെ ഷിബിലി പരിചയപ്പെടുന്നത് ഫർഹാന വഴിയാണെന്നും അവർ പറഞ്ഞു. ഫർഹാന സംസാരിച്ചിട്ടാണ് സിദ്ദീഖ് ഷിബിലിക്ക് ജോലി കൊടുത്തതെന്നും ഷിബിലിക്ക് വേണ്ടി ഫർഹാന പലരോടും പണം കടംവാങ്ങിയിരുന്നുവെന്നും മാതാവ് വ്യക്തമാക്കി. ഷിബിലിയും ഫർഹാനയും തമ്മിൽ വിവാഹം നടത്താൻ ആലോചിച്ചിരുന്നുവെന്നും എന്നാൽ ഐഡി പ്രൂഫ് ഇല്ലാത്തതിനാൽ വിവാഹം നടത്താൻ മഹല്ല് തയാറായില്ലെന്നും അവർ പറഞ്ഞു. ഷിബിലിക്ക് ആധാർ കാർഡ് എടുത്ത് കൊടുത്തത് സിദ്ദീഖാണെന്നും ഫർഹാനയുടെ മാതാവ് വ്യക്തമാക്കി.
അതേസമയം, കേസിൽ പിടിയിലായ ഹോട്ടലിലെ ജീവനക്കാരനായിരുന്ന ഷിബിലിയെയും ഇയാളുടെ പെൺസുഹൃത്ത് ഫർഹാനയെയും പ്രത്യേക അന്വേഷണ സംഘം ചെന്നൈയിൽനിന്ന് കേരളത്തിലെത്തിച്ചിരുന്നു. ഇന്ന് പുലർച്ചെയോടെയാണ് പ്രതികളുമായി പൊലീസ് സംഘം തിരൂരിലെത്തിയത്. ഇവരെ കൂടാതെ ഫർഹാനയുടെ സുഹൃത്തായ ആഷിഖാണ് കേസിൽ പിടിയിലായ മറ്റൊരാൾ. മൂന്നുപേരെയും മലപ്പുറം ഡി.വൈ.എസ്.പി ഓഫീസിൽ വെച്ച് എസ്.പി യുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുകയാണ്.
കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളവരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. വ്യക്തിപരമായ വിരോധമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം. കൊലപാതകത്തിലേക്ക് നയിച്ചതെന്താണെന്നതിൽ വ്യക്തത വരുത്തുകയാകും ചോദ്യംചെയ്യലിൽ അന്വേഷണസംഘത്തിന്റെ ലക്ഷ്യം. ഇതോടൊപ്പം സിദ്ദീഖിനെ കൊലപ്പെടുത്താനും ശേഷം മൃതദേഹം വെട്ടിമുറിക്കാനും ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുക്കേണ്ടതുണ്ട്.
അതേസമയം, സിദ്ദീഖിന്റെ മരണകാരണം നെഞ്ചിലേറ്റ ചവിട്ടാകാമെന്നാണ് പോസ്റ്റ്‌മോർട്ടം നിഗമനം. വാരിയെല്ലുകൾക്ക് പൊട്ടലുണ്ടെന്നും പോസ്റ്റ്‌മോർത്തിൽ കണ്ടെത്തി. ചെന്നൈയിൽനിന്ന് പിടിയിലായ പ്രതികളെ തിരൂരിലെത്തിച്ചു. കൊലപാതകത്തിൽ ഉൾപ്പെട്ട മൂന്ന് പ്രതികളെയും അന്വേഷണസംഘം ഇന്ന് വിശദമായി ചോദ്യംചെയ്യും.
വാരിയെല്ലുകൾ പൊട്ടിയതായും തലയിൽ അടിയേറ്റ പാടുകളുള്ളതായും പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. മരിച്ച ശേഷമാണ് സിദ്ദീഖിന്റെ ശരീരം പ്രതികൾ വെട്ടിമുറിച്ചത്. ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് കാലുകൾ മുറിച്ചുമാറ്റിയെന്നും കണ്ടെത്തലുണ്ട്. അതേസമയം, ഇന്നലെ എട്ടരയോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ സിദ്ദീഖിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി. ശേഷം രാത്രി 11:30ഓടെ വീട്ടിലെത്തിച്ച മൃതദേഹം തിരൂർ കോരങ്ങത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.