കര്‍ണാടകയിലെ ചിക്കബല്ലാപുരയില്‍ മുസ്‌ലിം വിദ്യാര്‍ഥിനിക്കൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാവിനുനേരെ ആക്രമണം. ബഗ്‌വാ ലൗ ട്രാപ്പാണെന്നാരോപിച്ചായിരുന്നു ഇതര സമുദായത്തില്‍പെട്ട യുവാവിനെ ഒരുസംഘം വളഞ്ഞിട്ട് ആക്രമിച്ചത്. സുഹൃത്തിനെ ആക്രമിക്കുന്നതു പ്രതിരോധിച്ച പെണ്‍കുട്ടി സ്റ്റേഷനിലെത്തി പരാതി നല്‍കിയതിനു പിറകെ രണ്ടുപേര്‍ അറസ്റ്റിലായി.
സദാചാര ഗുണ്ടായിസത്തിനെതിരെ ശക്തമായ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയ ബുധനാഴ്ചയാണു ബെംഗളുരുവിനോടു േചര്‍ന്നുള്ള ചിക്കമഗളുരുവില്‍ ജനം നോക്കിനില്‍ക്കെയുള്ള ആക്രമണം. ഒ.എം.ബി. റോഡിലെ പ്രമുഖ ചാറ്റ് ഷോപ്പില്‍ ചായകുടിക്കാനെത്തിയതായിരുന്നു കോളേജ് വിദ്യാര്‍ഥിനിയായ 20 കാരിയും സുഹൃത്തും. വ്യത്യസ്ത സമുദായങ്ങളില്‍പെട്ടവരാണ് ഇവരെന്ന് മനസിലാക്കിയ സമീപത്തെ കടകളിലുണ്ടായിരുന്ന യുവാക്കള്‍ സംഘടിച്ചു. െപണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന യുവാവിനെ ചോദ്യം ചെയ്തു. അപകടം മണത്ത ഇരുവരും കടയില്‍ നിന്നിറങ്ങി പോകുന്നതിനിടെ യുവാവിനെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ സംഘം തള്ളിയിട്ടു. സംഘത്തിലുള്ളവര്‍ തന്നെ ഇതെല്ലാം മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തു. മറ്റുയാത്രക്കാര്‍ ഇടപെട്ടതോടെയാണു അക്രമി സംഘം പിന്‍വാങ്ങിയത്.