തൃശ്ശൂർ: മഴക്കാലത്തിനു മുമ്പ് നഗരത്തിലെ കാനകളും, ഓടകളും വൃത്തിയാക്കാൻ ഇറങ്ങിയതായിരുന്നു തൊഴിലാളികൾ. കാനകളിൽ നിന്ന് മാലിന്യങ്ങൾ പ്രതീക്ഷിച്ച ശുചീകരണ തൊഴിലാളികൾ ഒരു പൊതി കണ്ട് ഞെട്ടി. നല്ല ഒന്നാന്തരം കഞ്ചാവ്. അതും ഒന്നും രണ്ടും അല്ല നാല് കിലോ കഞ്ചാവ്. കുന്നംകുളത്ത് ശുചീകരണത്തിന് കാനയിലിറങ്ങിയയ തൊഴിലാളികൾക്കാണ് കഞ്ചാവ് ലഭിച്ചത്.
നഗര ശുചീകരണത്തിനിടെ കുറുക്കൻ പാറ ബേബി മെമ്മോറിയൽ മിൽ ഹാൾ റോഡരികിലെ താഴ്ച്ചയുള്ള സ്ഥലത്ത് സാമൂഹ്യ വിരുദ്ധർ നിക്ഷേപിച്ചിരുന്ന മാലിന്യ കുഴിയിൽ നിന്നാണ് നാല് കിലോ കഞ്ചാവ് ശേഖരം കിട്ടിയത്. വാർഡ് കൗൺസിലർ സനൽകുമാർ, നഗരസഭ ക്ലീൻ സിറ്റി മാനേജർ കെ.എസ് ലക്ഷ്മണൻ്റെ എന്നിവരുടെ നേതൃത്വത്തിൽ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസെക്ടർ എ മോഹൻദാസ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ അരുൺ വർഗ്ഗീസ്, പി എസ് സജീഷ് എന്നിവരും ശുചീകരണ വിഭാഗം ജീവനക്കാരും ഹരിത കർമ്മ സേനാംഗങ്ങളും നാട്ടുകാരായ ചുമട്ടുതൊഴിലാളികളും ചേർന്ന് മാലിന്യ കൂമ്പാരം നീക്കം ചെയ്യുന്നതിനിടെയാണ് വൻ കഞ്ചാവ് ശേഖരം കണ്ടെടുത്തത്.