മൈസൂർ ഭരണാധികാരിയായ ടിപ്പു സുൽത്താൻ്റെ വാളിന് ലഭിച്ചത് കോടികൾ. ലണ്ടനിൽ നടന്ന ലണ്ടനിലെ ലേലത്തിൽ ടിപ്പു സുൽത്താന്റെ വാളിന് ലഭിച്ചത് 140 കോടിയോളം രൂപ (17.4 ദശലക്ഷം ഡോളർ). സുൽത്താന് ഏറ്റവും പ്രിയപ്പെട്ട ആയുധമാണ് ഇതെന്നാണ് വിലയിരുത്തൽ. അദ്ദേഹത്തിൻ്റെ കൊട്ടാരത്തിലെ സ്വകാര്യ മുറിയിൽ നിന്നാണ് ഈ വാൾ കണ്ടെടുത്തത്.ഉദ്ദേശിച്ചിരുന്നതിലും ഏഴു മടങ്ങ് ഉയർന്ന തുകയ്ക്കാണ് വാൾ വിറ്റുപോയതെന്ന് ലണ്ടനിൽ ലേലം സംഘടിപ്പിച്ച ബോൺഹാംസ് ഇസ്‌ലാമിക് ആൻഡ് ഇന്ത്യൻ ആർട്ട് മേധാവി ഒലിവർ വൈറ്റ് പറഞ്ഞു.
വൈദേശിക ആധിപത്യത്തിൽ നിന്നും തന്റെ രാജ്യം സംരക്ഷിച്ച ധീരതയുടെ പേരിൽ ടിപ്പു സുൽത്താൻ “മൈസൂർ കടുവ” എന്ന വിളിപ്പേരിലാണ് അറിയപ്പെടുന്നത്. ലോകത്ത് ത്ത ആദ്യമായി യുദ്ധങ്ങളിൽ റോക്കറ്റ് പീരങ്കികൾ ഉപയോഗിക്കുന്നതിന് അദ്ദേഹം തുടക്കമിട്ടു. മൈസൂരിനെ ഇന്ത്യയിലെ ഏറ്റവും ചലനാത്മക സമ്പദ്‌വ്യവസ്ഥയാക്കി മാറ്റിയെന്നും ബോൺഹാംസ് അതിന്റെ വെബ്‌സൈറ്റിൽ ചൂണ്ടിക്കാട്ടി. ടിപ്പു സുൽത്താൻ കൊല്ലപ്പെട്ടതിനുശേഷം കണ്ടെത്തിയ വാൾ, ബ്രിട്ടീഷ് മേജർ ജനറൽ ഡേവിഡ് ബെയർഡിന് ധൈര്യത്തിന്റെ അടയാളമായി സമ്മാനമായി ലഭിച്ചതാണെന്നും ലേലം നടത്തിയ സ്ഥാപനം പറയുന്നു.
ടിപ്പു സുൽത്താന്റെ ആയുധ ശേഖരത്തിൽ ഏറ്റവും മൂല്യമുള്ള ആയുധമാണ് ഈ വാൾ. ടിപ്പുവിന് ഈ വാളിനോടുണ്ടായിരുന്ന അടുപ്പവും ഇതിന്റെ നിർമാണ വൈദഗ്ധ്യവുമെല്ലാം ഈ വാളിന്റെ മൂല്യം വർധിപ്പിക്കുന്നുവെന്ന് ലേലം നടത്തിയ ഒലിവർ വൈറ്റ് വിശദീകരിച്ചു.