തിരുവനന്തപുരം(www.mediavisionnews.in): പി കരുണാകരനൊഴികയുള്ള സിറ്റിംഗ് എംപിമാരോട് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയാറെടുക്കാന്‍ സിപിഎം നിര്‍ദ്ദേശം. ചാലക്കുടിയില്‍ ഇടതു സ്വതന്ത്രനായി മത്സരിച്ചു ജയിച്ച ഇന്നസെന്റ് അനാരോഗ്യം കാരണം മത്സരിക്കാനില്ലെന്ന് സിപിഎം-എല്‍ഡിഎഫ് നേതൃത്വങ്ങളെ അറിയിച്ചിട്ടുണ്ട്. തുടര്‍ച്ചയായി മൂന്നു തവണയിലധികം എംപിയായതും പ്രായാധിക്യവും കാരണം സ്വയം മാറി നില്‍ക്കാനുള്ള സന്നദ്ധത അറിയിച്ചതിനാലാണ് കാസര്‍ഗോഡ് എംപിയായ പി.കരുണാകരന് ഒഴിവാകാന്‍ കാരണം.
നിലവിലെ സാഹചര്യത്തില്‍ ആറ്റിങ്ങലില്‍ എ.സന്പത്തും ആലത്തൂരില്‍ പി.കെ. ബിജുവും കണ്ണൂരില്‍ പി.കെ. ശ്രീമതിയും പാലക്കാട് എം.ബി. രാജേഷും സ്ഥാനാര്‍ഥികളാകുമെന്ന് ഉറപ്പാണ്. ഇവരോട് മത്സരിക്കാനുള്ള തയാറെടുപ്പു തുടങ്ങാന്‍ സിപിഎം അനൗദ്യോഗികമായി അറിയിപ്പ് നല്കി കഴിഞ്ഞു.
സമ്പത്ത് മൂന്നു തവണ എംപിയായെങ്കിലും ഇത്തവണയും മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. സിറ്റിംഗ് മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ജില്ലാ കമ്മറ്റികളോട് തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ തുടങ്ങാനുള്ള നിര്‍ദ്ദേശവും പാര്‍ട്ടി സംസ്ഥാന നേതൃത്വം നല്‍കിയിട്ടുണ്ട്.
സ്ഥാനാര്‍ഥികള്‍ സിറ്റിംഗ് എംപിമാരാണെന്ന സൂചന നല്‍കിയതോടെ ബൂത്തുതല തയാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. പുതിയ വോട്ടര്‍മാരെ ചേര്‍ക്കലും പരമാവധി ആള്‍ക്കാരെ തങ്ങളുടെ പക്ഷത്തേയ്ക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. വോട്ടര്‍മാരുടെ ലിസ്റ്റും ഒഴിവാക്കേണ്ടവരുടെ ലിസ്റ്റും ബൂത്തു തലത്തില്‍ തന്നെ കണ്ടെത്താന്‍ വീടുകള്‍ കയറിയുള്ള സ്ക്വാഡുവര്ക്ക് ആരംഭിച്ചിട്ടുണ്ട്.
സ്ഥാനാര്‍ഥികളാണെന്ന സൂചന നല്‍കിയതോടെ ഇനിയുള്ള ദിവസങ്ങളില്‍ മണ്ഡലങ്ങളില്‍ കൂടുതല്‍ സമയം ചിലവഴിക്കണമെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. പരമാവധി പൊതുപരിപാടികള്‍ പങ്കെടുത്ത് വോട്ടര്‍മാരുടെ മനസില്‍ ഇടംപിടിക്കാനുള്ള ശ്രമങ്ങള്‍ സ്ഥാനാര്‍ഥികളാകുമെന്ന് ഉറപ്പായതോടെ സിറ്റിംഗ് എംപിമാരും ആരംഭിച്ചിട്ടുണ്ട്. കാസര്‍ഗോട്ടും ചാലക്കുടിയിലും പുതിയ സ്ഥാനാര്‍ഥി ലിസ്റ്റു നല്‍കാനും തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ ആരംഭിക്കാനും ജില്ലാ കമ്മറ്റികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മൂന്നു പേരുടെ ചുരുക്ക പട്ടികയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്നസെന്റ് മത്സരിക്കുന്നില്ലെങ്കില്‍ പാര്‍ട്ടി ചിഹ്നത്തില്‍ സിപിഎം സ്ഥാനാര്‍ഥി തന്നെ മത്സരിക്കണമെന്ന ആഗ്രഹമാണ് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് കൈമാറിയിരിക്കുന്നത്. തൃശൂര്‍ മുന്‍ ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന്റെ പേരാണ് ജില്ലാ നേതൃത്വത്തിന്റെ മനസില്‍.
ഇടുക്കിയിലെ സിറ്റിംഗ് എംപി ജോയിസ് ജോര്‍ജിന്റെ കാര്യത്തിലാണ് അശയക്കുഴപ്പം നിലനില്‍ക്കുന്നത്. ജോയിസിനെ തന്നെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യമാണ് ഇടുക്കി ജില്ലാ കമ്മറ്റിയിലെ ഒരു വിഭാഗം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമുള്ളത്. ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനായിരിക്കും പ്രാമുഖ്യം.
തൃശൂരില്‍ സിറ്റിംഗ് എംപി സി.എന്‍. ജയദേവന് തന്നെ സിപിഐ സ്ഥാനാര്‍ഥിയാകുമെന്ന് ഏതാണ്ട് ഉറപ്പാണ്. മറ്റു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ കണ്ടെത്തി എത്രയും വേഗം ലിസ്റ്റ് സമര്‍പ്പിക്കാനാണ് എല്‍ഡിഎഫ് നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇക്കുറി പരമാവധി പേരെ വിജയിപ്പിച്ച് ലോക്സഭയില്‍ എത്തിക്കാനുള്ള തീവ്രശ്രമം നടത്തണമെന്ന നിര്‍ദ്ദേശമാണ് സിപിഎം-സിപിഐ കേന്ദ്ര നേതൃത്വങ്ങള്‍ സംസ്ഥാന നേതൃത്വങ്ങള്‍ക്ക് കൈമാറിയിരിക്കുന്നത്.
പുതുമുഖങ്ങള്‍ക്കും സാമൂഹ്യ-സാംസ്കാരിക രംഗത്ത് പ്രശസ്തരായവരേയും ഇത്തവണയും പല മണ്ഡലങ്ങളിലും പരീക്ഷിക്കാനുള്ള സാധ്യത കൂടുതലാണ്. വനിതാ പ്രാമുഖ്യം വര്‍ധിപ്പിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. യുഡിഎഫിന്റെ ഉറച്ച കോട്ടകളടക്കം പിടിച്ചെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പല അപ്രതീക്ഷിത സ്ഥാനാര്‍ഥികളെയും രംഗത്തിറക്കാനും സിപിഎം കരുനീക്കം തുടങ്ങിയിട്ടുണ്ട്.