ബെംഗളൂരു: സുദിപ്‌തോ സെൻ സംവിധാനം ചെയ്ത വിവാദ സിനിമ ദ കേരള സ്റ്റോറി കാണാൻ വിദ്യാർത്ഥികളെ നിർബന്ധിച്ച് കർണാടക ഇൽകലിലെ എസ്.വി.എം ആയുർവേദിക് മെഡിക്കൽ കോളജ്. ബിഎഎംഎസ്, പിജി കോഴ്‌സുകളിലെ വിദ്യാർത്ഥികളെയാണ് കോളജ് മാനെജ്‌മെന്റ് സിനിമ കാണാൻ നിർബന്ധിച്ചത്. വിദ്യാർത്ഥികൾക്ക് സൗജന്യ ടിക്കറ്റും അവധിയും അധികൃതർ അനുവദിച്ചു.
ബുധനാഴ്ച പന്ത്രണ്ടരയ്ക്ക് ശ്രീനിവാസ് ടാക്കീസിലാണ് പ്രദർശനം ഒരുക്കിയിരുന്നത്. ഉച്ചയ്ക്ക് ശേഷമുള്ള ക്ലാസ് നിർത്തിവയ്ക്കുകയും ചെയ്തു. പ്രിൻസിപ്പൽ കെ.സി ദാസാണ് ഇതു സംബന്ധിച്ച നിർദേശം പുറപ്പടുവിച്ചത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തീവ്ര ഹിന്ദു സംഘടനകൾ പെൺകുട്ടികൾക്കായി സിനിമയുടെ സൗജന്യ പ്രദർശനം സംഘടിപ്പിച്ചിരുന്നു. മൈസൂരുവിൽ വിഎച്ച്പി ജില്ലാ പ്രസിഡണ്ട് ബിഎസ് പ്രശാന്തിന്റെ നേതൃത്വത്തിലായിരുന്നു പ്രദർശനം. യുപിയിലെ ഹരിദ്വാറിൽ വിഎച്ച്പി നേതാവ് സാധ്വി പ്രാചിയുടെ നേതൃത്വത്തിലും സൗജന്യ പ്രദർശനമുണ്ടായിരുന്നു.
കേരളത്തിൽനിന്നുള്ള പെൺകുട്ടികളെ മതം മാറ്റി ഐഎസിലേക്ക് റിക്രൂട്ട് ചെയ്തു എന്നാരോപിക്കുന്ന സിനിമ മെയ് അഞ്ചിനാണ് തിയേറ്ററുകളിലെത്തിയത്. ആദ ശർമ്മയാണ് ചിത്രത്തിലെ നായിക. 32000 പെൺകുട്ടികളെ ഇത്തരത്തിൽ മതം മാറ്റി ഭീകരസംഘടനയിലേക്ക് കൊണ്ടു പോയി എന്നാണ് ചിത്രത്തിന്റെ ട്രയിലർ അവകാശപ്പെട്ടിരുന്നത്. ഇത് വിവാദമായതിനെ തുടർന്ന് ഈ ഭാഗം നീക്കം അണിയറ പ്രവർത്തകർ നീക്കം ചെയ്തിരുന്നു.