കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയില്‍ ഭാര്യാഭര്‍ത്താക്കന്‍മാരുടെ വിവാഹേതര ബന്ധങ്ങള്‍ വര്‍ധിച്ച് വരുകയാണെന്നും ഇത് ദാമ്പത്യ തകര്‍ച്ചയ്ക്കും കൂടുതല്‍ വിവാഹ മോചനങ്ങള്‍ക്കും വഴിയൊരുക്കുന്നുവെന്നും കേരള വനിതാ കമ്മീഷന്‍. കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ.പി.സതീദേവിയുടെ നേതൃത്വത്തില്‍ നടന്ന സിറ്റിംഗില്‍ 31 പരാതികളാണ് കഴിഞ്ഞ ദിവസം പരിഗണിച്ചത്. ഇവയില്‍ 10 കേസുകള്‍ തീര്‍പ്പാക്കി. മൂന്നെണ്ണത്തില്‍ പൊലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുകയാണ് വനിതാ കമ്മീഷന്‍. മൂന്ന് കേസുകള്‍ കൗണ്‍സിലിങ്ങിന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഗാര്‍ഹിക പീഡനം, വഴി തര്‍ക്കം എന്നിവ സംബന്ധിച്ചതാണ് മറ്റു പരാതികള്‍.
വിവാഹ ജീവിതത്തിലേക്കു പ്രവേശിക്കുന്നവര്‍ നിര്‍ബന്ധമായും പ്രീമാരിറ്റല്‍ കൗണ്‍സിലിങിനു വിധേയമായിരിക്കണമെന്നും സ്‌കൂളുകളിലും കോളേജുകളിലും കൗണ്‍സിലിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും വനിതാ കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു. പോസ്റ്റ്-മാരിറ്റല്‍ കൗണ്‍സിലിങ്, ബോധവത്ക്കരണ ക്ലാസുകള്‍ എന്നിവ സംഘടിപ്പിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും ഇതിന് വേണ്ടിയുള്ള സൗകര്യങ്ങള്‍ പഞ്ചായത്തുകളിലോ അങ്കണവാടികളിലോ ഒരുക്കാനാണ് കമ്മീഷന്‍ ഉദ്ദേശിക്കുന്നതെന്നും വനിതാ കമ്മീഷന്‍ വിശദമാക്കി.
പാനല്‍ അംഗങ്ങളായ അഡ്വ.പി.കുഞ്ഞയിഷ, അഡ്വ.സിന്ധു, വനിതാ പോലീസ് സെല്‍ എസ്.ഐ ടി.കെ.ചന്ദ്രിക, ഫാമിലി കൗണ്‍സിലിംഗ് സെന്റര്‍ കൗണ്‍സിലര്‍ രമ്യ ശ്രീനിവാസന്‍, വനിതാ സെല്‍ സി.പി.ഒ ടി.ഷീന, കമ്മീഷന്‍ ബൈജു ശ്രീധരന്‍, മധുസൂദനന്‍ നായര്‍ തുടങ്ങിയവര്‍ സിറ്റിംഗില്‍ പങ്കെടുത്തു. ഇടുക്കിയിലെ കുമളിയിൽ വനിത കമ്മീഷൻ നടത്തിയ അദാലത്തില്‍ 36 പരാതികളാണ് പരിഗണിച്ചത്. ആറ് പരാതികള്‍ക്ക് അദാലത്തില്‍ പരിഹാരമായി. മൂന്നു എണ്ണത്തിൽ വിവിധ വകുപ്പുകളോട് വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. 27 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി വച്ചിട്ടുണ്ട്. കമ്മീഷൻ അംഗം ഷാഹിദ കമാലാണ് പരാതികൾ പരിഗണിച്ചത്. ഇടുക്കിയുടെ ഭൂ വിസ്തൃതി കണക്കിലെടുത്ത് നാലു മേഖലകളായി തിരിച്ചാണ് നോട്ടീസുകൾ അയക്കുന്നത്.