കർണാടക കോൺഗ്രസിൽ വീണ്ടും തർക്കം: മന്ത്രിസ്ഥാനത്തിനായി ചരടുവലി; സിദ്ധരാമയ്യയുടെ വീടിന് മുന്നിൽ പ്രതിഷേധം

0
236

ബെംഗളൂരു: കർണാടകയിൽ മന്ത്രി സ്ഥാനത്തിനായി സമ്മർദ്ദം ശക്തമാക്കി കോൺഗ്രസ് നേതാക്കൾ. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വീടിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. മുതിർന്ന നേതാവും എംഎൽഎയുമായ ജിഎസ് പാട്ടീലിന്റെ അനുയായികളാണ് സിദ്ധരാമയ്യയുടെ വീടിന് മുന്നിൽ പ്രതിഷേധിച്ചത്. പാട്ടീലിനെ മന്ത്രിയാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് പ്രതിഷേധിച്ചത്.

അതിനിടെ സംസ്ഥാനത്ത് അഞ്ച് വർഷവും സിദ്ധരാമയ്യ മുഖ്യമന്ത്രിയായി ഭരിക്കുമെന്ന് മന്ത്രി എംബി പാട്ടീൽ പറഞ്ഞു. മുഖ്യമന്ത്രി പദവി കൈമാറ്റം 2.5 വർഷത്തിന് ശേഷം വേണോയെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്റാണ്. അങ്ങനെ ഒരു തീരുമാനവും ഹൈക്കമാന്റ് ഇതുവരെ പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ അഞ്ച് വർഷവും സിദ്ധരാമയ്യ തന്നെ സംസ്ഥാനത്ത് മുഖ്യമന്ത്രിയായി തുടരുമെന്ന് എംബി പാട്ടീൽ വ്യക്തമാക്കി.

കർണാടകത്തിൽ സിദ്ധരാമയ്യ സർക്കാർ അധികാരമേറ്റതിന് ശേഷമുള്ള ആദ്യ നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങി. മൂന്ന് ദിവസത്തേക്കാണ് സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. പ്രോ ടൈം സ്പീക്കറായി ആർ വി ദേശ്പാണ്ടേയെ തെരഞ്ഞെടുത്തിട്ടുണ്ട്. എംഎൽഎമാർക്ക് പ്രോ ടൈം സ്പീക്കർ ആണ് സത്യവാചകം ചൊല്ലിക്കൊടുക്കുക. ഈ സമ്മേളന കാലയളവിൽ തന്നെ സ്പീക്കറെയും തെരഞ്ഞെടുക്കും. ടി ബി ജയചന്ദ്ര, എച്ച് കെ പാട്ടീൽ എന്നിവരെയാണ് സ്പീക്കർ സ്ഥാനത്തെക്ക് പരിഗണിക്കുന്നത്. ഈ ആഴ്ച തന്നെ മന്ത്രിസഭാ വികസനം ഉണ്ടാകുമെന്ന സൂചനയും കോൺഗ്രസ് ക്യാമ്പ് നൽകുന്നുണ്ട്. ശനിയാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും അടക്കം എട്ട് മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

LEAVE A REPLY

Please enter your comment!
Please enter your name here