24 ന്യൂസ് ചാനല്‍ ബിജെപിയെയും പ്രധാനമന്ത്രിയെയും അവഹേളിക്കുകയാണെന്ന് ബിജെപി നേതാവ് എസ്. സുരേഷ്. പാകിസ്ഥാന്‍ മാധ്യമങ്ങള്‍ പോലും ഇതിനെക്കാള്‍ ജനാധിപത്യമര്യാത കാണിക്കുമെന്നും പറഞ്ഞ് ചാനല്‍ അവതാരകനെയും സുരേഷ് ഭീഷണിപ്പെടുത്തി. 24 ന്യൂസ് ചാനലില്‍ കഴിഞ്ഞ ദിവസം രാത്രി നടന്ന എന്‍കൗണ്ടര്‍ ചര്‍ച്ചയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
അവതാരകനായ ഹാഷ്മി താജ് ഇബ്രാഹിമിനെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ടാണ് ചര്‍ച്ചയില്‍ സുരേഷ് പങ്കെടുത്തത്. 24 ന്യൂസ് ചാനല്‍ പാക്കിസ്ഥാന്റെ ശബ്ദമാണ് ഉയര്‍ത്തുന്നതെന്ന ആരോപണവും ചര്‍ച്ചയില്‍ സുരേഷ് ഉയര്‍ത്തി. ഇതോടെ വിഷയത്തില്‍ ഇടപെട്ട ഹാഷ്മി മര്യാദകേട് പറയരുതെന്നും സുരേഷിനെ താക്കീത് ചെയ്യുകയുംചെയ്തു. തുടര്‍ന്ന് പാനലില്‍ ഉണ്ടായിരുന്നു സാമ്പത്തിക വിദഗ്ദ്ധയായ മേരി ജോര്‍ജിനെയും സുരേഷ് വ്യക്തപരമായി അധിക്ഷേപിച്ചു. മേരി ജോര്‍ജ് നിലപാടില്ലാത്ത ആളാണെന്നും ആദ്യം നോട്ട് നിരോധനത്തെ പിന്താങ്ങിയ അവര്‍ ഇപ്പോള്‍ അതിനെ തള്ളിപ്പറയുകയാണെന്നും സുരേഷ് കുറ്റപ്പെടുത്തി.
എന്നാല്‍, താന്‍ ഇങ്ങനെ ഒരു കാര്യം പറഞ്ഞിട്ടില്ലെന്ന് മേരി ജോര്‍ജ് ചര്‍ച്ചക്കിടെ തന്നെ വ്യക്തമാക്കി. നോട്ട് നിരോധനം കൊണ്ടാണ് ഡിജിറ്റല്‍ പണമിടപാട് രാജ്യത്ത് വര്‍ദ്ധിച്ചതെന്നും എസ്. സുരേഷ് പറഞ്ഞു. കയറുപിരിയില്‍ ഡോക്ടറേറ്റ് എടുത്ത തോമസ് ഐസക്ക് മാത്രമാണ് ഇതിനെ തള്ളിപറഞ്ഞതെന്നും സുരേഷ് പറഞ്ഞു. ഇതിനിടെ ചര്‍ച്ചയില്‍ ഇല്ലാത്ത ആളുകളെ ഇതിലേക്ക് വലിച്ചിഴക്കരുതെന്ന് സിപിഎമ്മിനെ പ്രതിനിധീകരിച്ച അനികുമാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്നും ചാനല്‍ ചര്‍ച്ചയില്‍ ഇടയ്ക്ക് കയറി നിരന്തരം എസ് സുരേഷ് ഇടപ്പെട്ടു. ഇതോടെ എല്ലാ പാനലിസ്റ്റുകളും അസ്വസ്ഥരായി. ഇങ്ങനെയുള്ള വട്ട് ഉള്ളവരെ ചാനല്‍ ചര്‍ച്ചയില്‍ ഇരുത്തരുതെന്നും മേരി ജോര്‍ജ് ആവശ്യപ്പെട്ടു.
24 ന്യൂസിലെ ചാനല്‍ ചര്‍ച്ചകഴിഞ്ഞ് പുറത്തിറങ്ങിയ ഉടന്‍ എസ് സുരേഷ് ചാനലിനെതിരയും സഹപാനലിസ്റ്റുകള്‍ക്കെതിരെയും രൂക്ഷവിമര്‍ശനവുമായി ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്.
പോസ്റ്റിന്റെ പൂര്‍ണരൂപം:
ഇന്നലത്തെ ന്യൂസ് 24 ചര്‍ച്ച ബിജെപി യേയും ലോകാരാധ്യനായ പ്രധാനമന്ത്രിയേയും അവഹേളിക്കാനും അപമാനിക്കാനുമായി കരുതി കൂട്ടി തയ്യാറാക്കിയതാണ്. 2000 രൂപ നോട്ടുകള്‍ കൊണ്ടുവന്ന സമയത്തും , 2019 മുതല്‍ പുതിയ നോട്ടുകള്‍ ഇറക്കാത്തതില്‍ നിന്നും തന്നെ എല്ലാവര്‍ക്കും അറിയമായിരുന്നു അത് പിന്‍വലിക്കും എന്ന കാര്യം.
അതിന്‍ മേല്‍ ചര്‍ച്ചവച്ച് രാജ്യത്തിന്റെ ആത്മാഭിമാനത്തേയും ജനാധിപത്യത്തേയും ഇകഴ്ത്തി അവതാരകനായ ഹാഷ്മി…തുടര്‍ന്ന് എന്നെ ഇരുത്തി കൊണ്ട് ഡോക്ടര്‍. മേരി ജോര്‍ജ്ജ്, സിപിഎം, കോണ്‍ഗ്രസ്സ് പ്രതിനിധികള്‍ക്ക് അഴിഞ്ഞാടാനുള്ള വേദി ഒരുക്കുകയായിരുന്നു.
പാകിസ്ഥാന്‍ മാധ്യമങ്ങള്‍ പോലും ഇതിനെക്കാള്‍ ജനാധിപത്യമര്യാത കാണിക്കുമെന്ന് പറയേണ്ടി വന്നു. ഹാഷ്മിയും അനില്‍ കുമാറും കോണ്‍ഗ്രസ്സ് പ്രതിനിധിയും പറഞ്ഞത് മനസ്സിലാക്കാം….
പക്ഷേ സാമ്പത്തിക വിദഗ്ദയും ഗുരുസ്ഥാനീയ യുമായ ഡോ.മേരി ജോര്‍ജ്ജ് ബൗദ്ധിക കാപട്യം കാണിക്കുകയായിരുന്നു….
2016-ലെ നോട്ട് പിന്‍വലിക്കല്‍ സമയത്ത് ബി.ജെ.പി. ഞാനുള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കള്‍ക്കായി സംഘടിപ്പിച്ച പരിപാടിയില്‍ അതിന്റെ ഗുണങ്ങളെ പുകഴ്ത്തി 2 മണിക്കൂറിലേറെ പ്രസംഗിച്ച സ്ത്രീയാണിവര്‍.
അവര്‍ അവരുടെ നിലവാരത്തിന് ചേരാത്ത പരാമര്‍ശങ്ങള്‍ നടത്തി എന്നെ അപമാനിക്കാന്‍ ശ്രമിച്ചു …
അവര്‍ക്ക് ഉത്തരം കൊടുക്കാന്‍ അറിയാഞ്ഞിട്ടല്ല… എന്റെ മരണപ്പെട്ടു പോയ അമ്മയുടെ പ്രായമുണ്ട് അവര്‍ക്ക് ….
കൂടാതെ ഗുരുസ്ഥാനീയരെ ബഹുമാനിച്ചേ ശീലിച്ചിട്ടുള്ളൂ…. അതാണ് എന്റെയും എന്റെ പ്രസ്ഥാനത്തിന്റെയും സംസ്‌കാരം…