കടുത്ത എതിർപ്പുയർന്നു; മുസ്ലിം യുവാവുമായുള്ള മകളുടെ വിവാഹം റദ്ദാക്കി ബിജെപി നേതാവ്

0
248

ദില്ലി: മുസ്ലിം യുവാവുമായി നിശ്ചയിച്ച മകളുടെ വിവാഹം റദ്ദാക്കി ബിജെപി നേതാവ്. ഉത്തരാഖണ്ഡിലെ ബിജെപി നേതാവ് യശ്പാൽ ബേനമാണ് മകളുടെ വിവാഹം റദ്ദാക്കിയത്. വിശ്വ ഹിന്ദു പരിഷത്ത്, ഭൈരവ് സേന, ബജ്റം​ഗ് ദൾ തുടങ്ങിയ ഹിന്ദുത്വ സംഘനകളാണ് വിവാഹത്തിനും ബിജെപി നേതാവിനുമെതിരെ രൂക്ഷവിമർശനമുയർത്തി രം​ഗത്തെത്തിയത്. നേതാവിന്റെ കോലം കത്തിച്ചാണ് സംഘടനകൾ പ്രതിഷേധിച്ചത്. തുടർന്നാണ് ഇയാൾ വിവാഹം റദ്ദാക്കിയതായി അറിയിച്ചത്.

പൗരി ചെയർപേഴ്സണാണ് യശ്പാൽ. മെയ് 28നാണ് വിവാഹം നിശ്ചയിച്ചിരുന്നത്. മകളുടെ സന്തോഷം മാത്രം കണക്കിലെടുത്താണ് മുസ്ലിം യുവാവുമായുള്ള വിവാഹത്തിന് സമ്മതിച്ചതെന്ന് ഇദ്ദേഹം പറഞ്ഞു. എന്നാൽ, കടുത്ത എതിർപ്പുയർന്ന സാഹചര്യത്തിൽ പൊതുജനാഭിപ്രായം കൂടി തനിക്ക് കണക്കിലെടുക്കണമെന്നും അതുകൊണ്ടുതന്നെ മകളുടെ വിവാഹം റദ്ദാക്കുകയാണെന്നും ഇദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

വിവാഹക്ഷണക്കത്ത് സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോ‌ടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. ഇത്തരം വിവാഹങ്ങളെ ശക്തമായി എതിർക്കുമെന്ന് വിഎച്ച്പി ഭാരവാഹികൾ പറഞ്ഞു. മിശ്ര വിവാഹത്തിനെതിരെ ക‌ടുത്ത നിലപാട് സ്വീകരിക്കുന്ന ബിജെപി നേതാക്കൾ തന്നെ മക്കളെ മുസ്ലിം യുവാക്കളുമായി വിവാഹം ചെയ്ത് കൊടുക്കുന്നത് അം​ഗീകരിക്കാനാകില്ലെന്നും വിവാഹം തട‌യുമെന്നുമാണ് വിഎച്ച്പി നേതാക്കൾ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here