ബംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭാ വിപുലീകരണം തുടരുന്നു. 23പേര്‍ കൂടി മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. ഈ ആഴ്ച അവസാനത്തോടെ ഈ വിഷയത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന വിവരം. ആദ്യഘട്ട ചര്‍ച്ചകള്‍ക്ക് നാളെ ബംഗളൂരുവില്‍ തുടക്കമാകും. സംസ്ഥാന നേതാക്കള്‍ ഏകദേശ ധാരണയിലെത്തിയ ശേഷം ഹൈക്കമാന്‍ഡ് ആവും അന്തിമ തീരുമാനമെടുക്കുക. സാമുദായിക സമവാക്യങ്ങള്‍ അടക്കം പരിഗണിച്ചായിരിക്കും പുതിയ മന്ത്രിമാരെ തീരുമാനിക്കുന്നത്. വകുപ്പുകള്‍ വീതംവെക്കുന്നത് സംബന്ധിച്ചും ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്.
മന്ത്രിസഭയില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട എട്ടുപേരാണ് ഇന്നലെ മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും ഒപ്പം സത്യപ്രതിജ്ഞ ചെയ്തത്. ജി.പരമേശ്വര, കെ.എച്ച്.മുനിയപ്പ, കെ.ജെ.ജോര്‍ജ്,എം.ബി.പാട്ടീല്‍, സതീഷ് ജാര്‍കിഹോളി, പ്രിയങ്ക് ഖാര്‍ഗെ, രാമലിങ്ക റെഡ്ഡി, സമീര്‍ അഹമ്മദ് ഖാന്‍ എന്നിവരാണ് ചുമതലയേറ്റ മന്ത്രിമാര്‍.
സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പിലാക്കി സിദ്ധരാമയ്യ സര്‍ക്കാര്‍. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ചേര്‍ന്ന ആദ്യ മന്ത്രിസഭായോഗമാണ് അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയത്.
ഒരാഴ്ചയ്ക്കുള്ളില്‍ വിളിച്ചുചേര്‍ക്കുന്ന അടുത്ത മന്ത്രിസഭാ യോഗത്തിന് ശേഷം എല്ലാം പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
ഉച്ചയക്ക് 12.30 ഓടെ നടന്ന സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം നിയമസഭയിലെത്തിയാണ് സിദ്ധരാമയ്യയും മന്ത്രിമാരും ആദ്യ മന്ത്രിസഭാ യോഗം ചേര്‍ന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യ പൊതുഭരണത്തിനൊപ്പം ധനകാര്യവകുപ്പും ഏറ്റെടുക്കുമെന്ന് സൂചനകളുണ്ട്. 1994ല്‍ ദേവഗൗഡ മന്ത്രിസഭയില്‍ അദ്ദേഹം ധനകാര്യമന്ത്രിയായിരുന്നപ്പോള്‍ സംസ്ഥാനം മികച്ച സാമ്പത്തിക ഭദ്രത കൈവരിച്ചിരുന്നു. ഡി.കെ ശിവകുമാര്‍ ആഭ്യന്തരം, ഊര്‍ജം എന്നീ വകുപ്പുകള്‍ ഏറ്റെടുക്കുമെന്നാണ് സൂചന.