ചെന്നൈ: 2016 ലാണ് പിച്ചൈക്കാരന്‍ എന്ന ചിത്രം റിലീസ് ചെയ്തത്. വിജയ് ആന്‍റണി പ്രധാന വേഷത്തില്‍ എത്തിയ ചിത്രം സംവിധാനം ചെയ്തത് ശശിയാണ്. പൂ, സൊല്ലാമലെ തുടങ്ങിയ ചിത്രങ്ങള്‍ മുന്‍പ് സംവിധാനം ചെയ്ത ശശിയുടെ ഈ ചിത്രം അന്ന് ബോക്സോഫീസില്‍ വന്‍ വിജയമായിരുന്നു. അമ്മയുടെ ജീവന്‍ രക്ഷിക്കാനായി ക്ഷേത്രങ്ങളില്‍ പിച്ചയെടുക്കുന്ന ഒരു കോടീശ്വരന്‍റെ കഥയാണ് ചിത്രം പറഞ്ഞത്.
എന്നാല്‍ ചിത്രം വന്‍ ഹിറ്റായിരുന്നെങ്കില്‍ 2016 നവംബറിലാണ് ചിത്രം വന്‍ വാര്‍ത്തയായത്. ചിത്രത്തിലെ ഒരു സീനില്‍ ഒരു യാചകന്‍ ഫോണില്‍ സംസാരിക്കുന്ന സീന്‍ ഉണ്ട്. ഇതില്‍ ഇയാള്‍ രാജ്യത്ത് സാമ്പത്തിക നില നേരെയാകണമെങ്കില്‍ 1000,500 നോട്ടുകള്‍ നിരോധിക്കണമെന്ന് പറയുന്നുണ്ടായിരുന്നു. കാര്യകാരണ സഹിതമായിരുന്നു ഈ വാദം. ഈ ചിത്രം ഇറങ്ങി മാസങ്ങള്‍ക്ക് ശേഷം 2016 നവംബറില്‍ കേന്ദ്ര സര്‍ക്കാര്‍ നോട്ട് നിരോധനം കൊണ്ടുവന്നു.
കള്ളപ്പണത്തിനെതിരായ ഈ നീക്കം ഈ ചിത്രത്തില്‍ നേരത്തെ വന്നത് അന്ന് വലിയ ചര്‍ച്ചയും വൈറലുമായി. ഈ യാദൃശ്ചികത അന്ന് അതിന്‍റെ വീഡിയോ അടക്കം പ്രചരിച്ചു. ഇത്തരം ഒരു കാര്യം അപ്രതീക്ഷിതമായി സംഭവിച്ചതാണ് എന്നാണ് സംവിധായകന്‍ ശശിയും, നടന്‍ വിജയ് ആന്‍റണിയും അന്ന് പ്രതികരിച്ചത്.
എന്നാല്‍ ഇപ്പോള്‍ വീണ്ടും അത്തരം ഒരു യാദൃശ്ചികത സംഭവിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് പിച്ചൈക്കാരന്‍ 2 എന്ന ചിത്രം ഇറങ്ങിയത്. 2016ലെ ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിലും നായകന്‍ വിജയ് ആന്‍റണി തന്നെ. വിജയ് ആന്‍റണി ആദ്യമായി ഒരു സിനിമയുടെ രചയിതാവാകുന്ന ചിത്രം കൂടിയാണ് ഇത്. വിജയ് ആന്‍റണി ഫിലിം കോര്‍പ്പറേഷന്‍റെ ബാനറില്‍ നായകന്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രം തമിഴിലും തെലുങ്കിലുമായി ഒരേ സമയം പൂര്‍ത്തിയാക്കും. ‘ബിച്ചഗഡു 2’ എന്നായിരിക്കും തെലുങ്കിലെ പേര്.
സംഗീതവും വിജയ് ആന്‍റണി തന്നെ നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം തേനി ഈശ്വര്‍ ആണ്. കാവ്യ ഥാപ്പര്‍, ഡാറ്റോ രാധാ രവി, വൈ ജി മഹേന്ദ്രന്‍, മന്‍സൂര്‍ അലി ഖാന്‍, ഹരീഷ് പേരടി, ജോണ്‍ വിജയ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
എന്നാല്‍ നോട്ട് നിരോധനവും ചിത്രവും തമ്മിലുള്ള യാദൃശ്ചികതയാണ് വീണ്ടും ചര്‍ച്ചയായത്. കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ റിലീസ് ദിവസം തന്നെയാണ് ആര്‍ബിഐ 2000 രൂപ നോട്ടുകള്‍ നിരോധിക്കുന്നു എന്ന കാര്യം പ്രഖ്യാപിച്ചത്. സെപ്തംബർ 30 വരെ മാത്രമാണ് 2000 രൂപ നോട്ടിന്റെ ആയുസ്. അതിന് ശേഷം നിലവിലെ കറൻസികളിൽ ഏറ്റവും വലിയ കറൻസി 500 രൂപയാകും.
മുൻപ് 2016 നോട്ട് നിരോധനം വന്ന ശേഷമാണ് 2000 രൂപ നോട്ട് പുറത്തിറക്കിയത്. 2017 ന് ശേഷം രാജ്യത്ത് ഈ നോട്ട് അച്ചടിച്ചിരുന്നില്ല. പിൽക്കാലത്ത് ഘട്ടം ഘട്ടമായി നോട്ട് പിൻവലിച്ചു. നിലവിലെ സാഹചര്യത്തിൽ 2000 രൂപ നോട്ട് നിരോധനം 2016 ലെ നോട്ട് നിരോധന സാഹചര്യം പോലെ ജനത്തെ വലയ്ക്കില്ലെന്നാണ് കരുതുന്നത്. വിപണിയിൽ 2000 രൂപ നോട്ട് ലഭ്യത കുറഞ്ഞതാണ് ഇതിന് കാരണം.
പക്ഷെ പിച്ചൈക്കാരന്‍ ചിത്രവും നോട്ട് നിരോധനവും തമ്മിലുള്ള ബന്ധത്തിലെ കൌതുകം തമിഴ് സിനിമ ലോകത്ത് ചര്‍ച്ചയാകുന്നുണ്ട്.