ഏലത്തൂർ ട്രെയിൻ തീവെപ്പ് കേസ്: മൊഴി നൽകാനെത്തിയയാളുടെ പിതാവ് തൂങ്ങിമരിച്ച നിലയിൽ

0
229

കോഴിക്കോട്: ഏലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ മൊഴി നൽകാനെത്തിയ ആളുടെ പിതാവ് കൊച്ചിയിൽ തൂങ്ങിമരിച്ച നിലയിൽ. ഷഹീൻബാഗ് സ്വദേശി മുഹമ്മദ് ഷാഫിഖ് ആണ് മരിച്ചത്. ഇദ്ദേഹത്തിന്‍റെ മകൻ മോനിസ് ഇന്നലെ അന്വേഷണസംഘത്തിന് മൊഴി നൽകിയിരുന്നു. ഇരുവരും താമസിച്ചിരുന്നു ഹോട്ടലിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഏപ്രിൽ രണ്ടിന് രാത്രി ഒമ്പതിന് ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസ് ഏലത്തൂർ സ്റ്റേഷൻ വിട്ട ഉടനെയാണ് പ്രതി ഡി വൺ കമ്പാർട്ട്മെൻറിലെത്തി യാത്രക്കാരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. സംഭവത്തിൽ ഒമ്പത് പേർക്ക് പൊള്ളലേറ്റിരുന്നു. സമീപത്ത് റെയിൽവേ ട്രാക്കിൽ മൂന്നുപേരെ മരിച്ച നിലയിലും കണ്ടെത്തിയിരുന്നു. കേരളം വിട്ട പ്രതിയെ മഹാരാഷ്ട്രയിൽനിന്നാണ് അറസ്റ്റ് ചെയ്തത്. ഷഹീൻ ബാഗ് സ്വദേശി ഷാറൂഖ് സൈഫിയാണ് അറസ്റ്റിലായത്.

അതേസമയം കേസിലെ പ്രതിയുടെ സുരക്ഷയില്‍ വീഴ്ച വരുത്തിയത് ചൂണ്ടിക്കാട്ടി ഐ.ജി പി വിജയെ സസ്പെൻഡ് ചെയ്തു. ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തില്‍ ഗ്രേഡ് എസ്‌.ഐ മനോജ് കുമാറിനേയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്‌.

സുരക്ഷാ വീഴ്ചയില്‍ തുടരന്വേഷണത്തിന് പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് എ.ഡി.ജി.പി പി പത്മകുമാറിനെ ചുമതലപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here