ഇന്ന് സണ്‍റൈസേഴ്സിനെ വീഴ്ത്താന്‍ ബാംഗ്ലൂര്‍ ശരിക്കും വിയര്‍ക്കും; കാരണം ഈ കണക്കുകള്‍

0
188

ഹൈദരാബാദ്: ഐപിഎല്ലില്‍ സ്വന്തം വിധിയും മറ്റ് ടീമുകളുടെ വിധിയും നിര്‍ണയിക്കുന്ന പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഇന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടാനിറങ്ങുകയാണ്. പ്ലേ ഓഫ് കാണാതെ പുറത്തായ ഹൈദരാബാദിന് ഒന്നും നഷ്ടപ്പെടാനില്ലെങ്കിലും ബാംഗ്ലൂരിന് അങ്ങനെയല്ല. ഇന്ന് തോറ്റാല്‍ അത് പ്ലേ ഓഫ് സാധ്യതകള്‍ക്ക് കനത്ത തിരിച്ചടിയാകും. ആര്‍സിബിക്ക് രാജസ്ഥാനും മുംബൈയും ഉള്‍പ്പെടെ മാത്രമല്ല, മറ്റ് ടീമുകള്‍ക്കും ഇന്നത്തെ ആര്‍സിബി-ഹൈദരാബാദ് മത്സരഫലം നിര്‍ണായകമാണ്.

നിലവിലെ ഫോമില്‍ രാജസ്ഥാന്‍ റോയല്‍സിനെ എറിഞ്ഞിട്ട് എത്തുന്ന ആര്‍സിബിക്ക് ഹൈദരാബാദിനെതിരെ ജയം അനായാസമാകുമെന്ന് തോന്നാമെങ്കിലും കണക്കുകളും ചരിത്രവും മറ്റൊന്നാണ്. ഡെക്കാന്‍ ചാര്‍ജേഴ്സ് സണ്‍റൈസേഴ്സ് ഹൈദരാബാദായ 2013 മുതലുള്ള ചരിത്രം നോക്കിയാല്‍ 2015ല്‍ മാത്രമാണ് ആര്‍സബി ഹൈദരാബാദില്‍ ജയിച്ചത്. അതും ഡക്‌വര്‍ത്ത് ലൂയിസ് നിയമത്തിന്‍റെ ആനുകൂല്യത്തില്‍.

2013ല്‍ ഹൈദരാബാദ് സൂപ്പര്‍ ഓവറില്‍ ആര്‍സിബിയെ വീഴ്ത്തിയെങ്കിലും 2014ലും 2016ലും 2017ലും 2018ലും 2019ലും ഹൈദരാബാദ് ഹോം ഗ്രൗണ്ടില്‍ വിജയം ആവര്‍ത്തിച്ചു. കൊവിഡ് കാരണം 2020 മുതല്‍ ഹോം എവേ മത്സരങ്ങളില്ലാതിരുന്നതിനാല്‍ ആര്‍സിബിക്ക് ഹൈദരാബാദില്‍ കളിക്കേണ്ടിവന്നിട്ടില്ല.

ഏറ്റവും ഒടുവില്‍ 2019ല്‍ ഏറ്റുമട്ടിയപ്പോഴാകട്ടെ ആര്‍സിബിയെ നാണംകെടുത്തിയാണ് ഹൈദരാബാദ് വിട്ടത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ജോണി ബെയര്‍സ്റ്റോയുടെയും ഡേവിഡ‍് വാര്‍ണറുടെയും സെഞ്ചുറികളുടെ കരുത്തില്‍ 20 ഓവറില്‍ അടിച്ചു കൂട്ടിയത് 231 റണ്‍സായിരുന്നു. മറുപടി ബാറ്റിംഗില്‍ ആര്‍സിബി 19.5 ഓവറില്‍ 113 റണ്‍സിന് ഓള്‍ ഔട്ടായി.

നേര്‍ക്കുനേര്‍ പേരാട്ടങ്ങളിലും ആര്‍സിബിക്കുമേല്‍ ഹൈദരാബാദിന് മുന്‍തൂക്കമുണ്ട്. ഇതുവരെ കളിച്ച 22 മത്സരങ്ങളില്‍ 12 എണ്ണത്തില്‍ ഹൈദരാബാദ് ജയിച്ചപ്പോള്‍ ഒമ്പതെണ്ണത്തില്‍ ആര്‍സിബി ജയിച്ചു. ഈ സീസണില്‍ ഇതാദ്യമായാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുന്നത് എന്ന പ്രത്യേകതയുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here