ബെംഗളൂരു: സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും തമ്മിലുള്ള ഈ ബലപരീക്ഷണം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പാർട്ടിയിൽ രണ്ട് അധികാര കേന്ദ്രങ്ങളായി വളർന്നപ്പോൾ അവർക്കിടയിലെ അകൽച്ചയും കൂടുതൽ മറനീക്കി പുറത്ത് വന്നു. ഇരുവരും കൊമ്പുകോർത്ത മുൻ അനുഭവങ്ങൾ നിരവധിയാണ്. അതിനെല്ലാം വർഷങ്ങളുടെ പഴക്കവുമുണ്ട്.
2013ൽ ഡി.കെ ശിവകുമാറിനെ മന്ത്രിസഭയിൽ എടുക്കുന്നത് സിദ്ധരാമയ്യ എതിർത്തു. പിന്നീട് ആറ്മാസത്തിന് ശേഷം സിദ്ധരാമയ്യ വഴങ്ങിയത് ഹൈക്കമാൻഡ് ഇടപെട്ടതോടെയായിരുന്നു. ലിംഗായത്തുകൾക്ക് പ്രത്യേക മത പദവി നൽകാനുള്ള സിദ്ധരാമയ്യ സർക്കാർ തീരുമാനത്തെ ഡികെ തള്ളിപ്പറഞ്ഞ സാഹചര്യം ഉണ്ടായിട്ടുണ്ട്. 2019ൽ അദ്ദേഹം ഒന്നാം സിദ്ധരാമയ്യ സർക്കാരിന്‍റെ നടപടിയിൽ മാപ്പ് പറഞ്ഞിരുന്നു. 2021 ഫെബ്രുവരിയിലായിരുന്നു ഇരുവരുടേയും അകൽച്ച പ്രകടമാക്കിയ മറ്റൊരു സംഭവം ഉണ്ടായത്. യൂത്ത് കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ജയിച്ചത് ഡികെയുടെ നോമിനിയായിരുന്നു. എന്നാൽ അദ്ദേഹത്തെ അയോഗ്യനാക്കി സിദ്ധരാമയയുടെ അനുയായിയെ അധ്യക്ഷനാക്കിയതും വലിയ ചർച്ചയായി. മുഹമ്മദ് ഹാരിസ് നാലപ്പാട്ട് ജയിച്ചിട്ടും അധ്യക്ഷനായത് രക്ഷാ രാമയ്യ ആയിരുന്നു.
അതേമാസം, മൈസൂരു മേയർ പോസ്റ്റിൽ ജെഡിഎസ് ആണ് ജയിച്ചത്. ഇത് വലിയ രീതിയിൽ വിവാദമായി. സിദ്ധരാമയ്യയുടെ കോട്ടയിൽ ശിവകുമാർ പാലം വലിച്ചെന്നായിരുന്നു അന്ന് ഉയർന്നുവന്ന പ്രധാനപ്പെട്ട ആരോപണം. 2021മെയ് മാസത്തിൽ കോൺഗ്രസിന്‍റെ ട്വിറ്ററിൽ ശിവകുമാറിന് അനുകൂലമായി ട്വീറ്റ് വന്നതും വിവാദമായി. ഡികെ.മുഖ്യമന്ത്രിയായിരുന്നെങ്കിൽ കൊവിഡ് കാലത്തെ അനായാസം അതിജീവിക്കാൻ കഴിയുമെന്നായിരുന്നു ട്വീറ്റ്. ചർച്ചയായതിന് പിന്നാലെ ട്വീറ്റ് ഡിലീറ്റ് ചെയ്തു. അതിനിടെ, 2021 ജൂണിൽ സിദ്ധരാമയ്യയെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയർത്തിക്കാട്ടി നേതാക്കൾ രംഗത്തെത്തിയത് ശിവകുമാറിനെ ചൊടിപ്പിച്ചു. ഹൈക്കമാൻഡ് നേതാക്കളെ ശാസിച്ചു, പ്രശ്നം പരിഹരിച്ചു. 2022 ഫെബ്രുവരിയിൽ സിദ്ധരാമയ്യയുടെ വിശ്വസ്തൻ സമീർ അഹമ്മദ് ഖാൻ ഹിജാബിനെയും ബലാത്സംഗത്തെയും സംബന്ധിച്ച് നടത്തിയ പരാമർശത്തിൽ മാപ്പ് പറയണമെന്ന് ഡി.കെ ശിവകുമാർ ആവശ്യപ്പെട്ടിരുന്നു. ഇതും ഇരുവരുടേയും അകൽച്ച പ്രകടമാക്കി.