ജൂഡ് ആന്തണി ചിത്രം ‘2018 എവരിവണ്‍ ഈസ് ഹീറോ’ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മെയ് അഞ്ചിന് റിലീസ് ചെയ്ത ചിത്രം നൂറ് കോടി നേടിയിട്ടുണ്ട്. ഇപ്പോഴിതാ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രത്തിന്, നിര്‍മാതാവിന് ലഭിക്കുന്ന തുകയെ കുറിച്ച് വെളിപ്പെടുത്തുകയാണ് വേണു കുന്നപ്പിള്ളി.
‘സിനിമയുടെ കളക്ഷന്‍ പ്രധാനമായി പോകുന്നത് തിയേറ്ററുകള്‍ക്കാണ്. ആദ്യത്തെ ആഴ്ച സാധാരണ തിയറ്ററുകളാണെങ്കില്‍ 45 -55 ശതമാനമാണ് പ്രോഫിറ്റ് ഷെയറിങ്. അതില്‍ മള്‍ട്ടിപ്ലെക്സ് ആണെങ്കില്‍ 50 -50 ശതമാനമാകും. ആഴ്ചതോറും കുറഞ്ഞു വരും. പിന്നെയത് 60 -40 ആവും
ശരാശരി നോക്കുമ്പോള്‍ ചെലവുകള്‍ കഴിഞ്ഞ് 100 കോടി നേടിയിട്ടുണ്ടെങ്കില്‍ പ്രൊഡ്യൂസര്‍ക്ക് കിട്ടാന്‍ പോകുന്നത് 35 കോടി വരെയായിരിക്കും’- വേണു കുന്നപ്പിള്ളി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ക്യാവ്യാ ഫിലിംസ്, പി.കെ പ്രൈം പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ വേണു കുന്നപ്പള്ളി, സി.കെ പത്മകുമാര്‍, ആന്റോ ജോസഫും ചേര്‍ന്നാണ് 2018 നിര്‍മിച്ചിരിക്കുന്നത്. കേരളം നേരിട്ട മഹാപ്രളയത്തിന്റെ കഥ പറഞ്ഞ ചിത്രം 2023 മെയ് അഞ്ചിനാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. ഒരാഴ്ചക്കുള്ളില്‍ 50 കോടി ക്ലബ്ബില്‍ എത്തിയ ചിത്രം, പത്ത് ദിവസത്തില്‍ 100 കോടി സ്വന്തമാക്കുകയായിരുന്നു.
ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, ഇന്ദ്രന്‍സ്, ലാല്‍, നരേന്‍, അപര്‍ണ്ണ ബാലമുരളി, തന്‍വി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ജാഫര്‍ ഇടുക്കി, അജു വര്‍ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോ. റോണി, ശിവദ, വിനീത കോശി എന്നിങ്ങനെ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.