കര്‍ണാടകയില്‍ തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കി മൂന്നു ദിവസം പൂര്‍ത്തിയാക്കിയിട്ടും സര്‍ക്കാര്‍ രൂപികരിക്കാനാവതെ കോണ്‍ഗ്രസ്. മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് സര്‍ക്കാര്‍ രൂപികരണത്തെ അനിശ്ചിതത്തിലാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പദത്തിന് വേണ്ടി രംഗത്തുള്ള മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി.കെ. ശിവകുമാറും ഒരു വിട്ടുവീഴ്ചയ്ക്കും തയാറായിട്ടില്ല.
സിദ്ധരാമയ്യയെയാണ് ഹൈകമാന്‍ഡ് പിന്തുണക്കുന്നതെന്ന അഭ്യൂഹങ്ങള്‍ പുറത്തുവന്നതിനിടെ അനുയായികള്‍ ബെംഗളൂരുവില്‍ ആഘോഷം തുടങ്ങിയിരുന്നു. ഇത് ഡികെ ശിവകുമാര്‍ വിഭാഗത്തെ ചൊടിപ്പിച്ചു. ഇതാണ് നിലപാടില്‍ അയവില്ലാതെ തുടരുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുഖ്യമന്ത്രിപദം വിട്ടുകൊടുക്കാനില്ലെന്ന നിലപാടിലുറച്ചു നില്‍ക്കുകയാണ് ശിവകുമാര്‍. വ്യാഴാഴ്ചയോടെ അന്തിമ തീരുമാനം പാര്‍ടി അധ്യക്ഷന്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.
സിദ്ധരാമയ്യ ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ കര്‍ണാടകയില്‍ വിവിധയിടങ്ങളില്‍ അദ്ദേഹത്തെ പിന്തുണക്കുന്നവര്‍ ആഹ്ലാദപ്രകടനം നടത്തി. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമായിരുന്നു ആഘോഷം. സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുന്ന കാര്യം രാഹുലുമായുള്ള കൂടിക്കാഴ്ചയില്‍ ഉറപ്പിച്ചതായി കെ.പി.സി.സി വനിതാ വിഭാഗം സംസ്ഥാന അധ്യക്ഷ പുഷ്പ അമര്‍നാഥ് പറഞ്ഞു. സിദ്ധരാമയ്യയെ പ്രവര്‍ത്തകര്‍ ആശംസയറിയിച്ചെന്നും ഇവര്‍ പറഞ്ഞു. സിദ്ധരാമയ്യയുടെ വീടിനു മുന്നിലും ആഹ്ലാദ പ്രകടനമുണ്ടായി.
മുഖ്യമന്ത്രിപദത്തില്‍ വീതംവയ്പ് ഫോര്‍മുല അംഗീകരിക്കില്ലെന്ന ഡികെ നിലപാട് അറിയിച്ചിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കിയതിന് ശേഷം കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വീട്ടില്‍ നിന്ന് അദേഹം മടങ്ങി. വീതംവയ്പാണെങ്കില്‍ ആദ്യ ടേം തന്നെ ലഭിക്കണമെന്ന ആവശ്യവും ശിവകുമാര്‍ ഉന്നയിച്ചു. കര്‍ണാടക മുഖ്യമന്ത്രിപദത്തില്‍ തീരുമാനം അനിശ്ചിതമായി നീളുന്ന പശ്ചാത്തലത്തില്‍ സത്യപ്രതിജ്ഞ ഒരുക്കങ്ങള്‍ നിര്‍ത്തിവച്ചു. സ്റ്റേജ് അടക്കമുള്ളവയുടെ നിര്‍മാണം നിര്‍ത്തിവച്ചിട്ടുണ്ട്.
എന്നാല്‍, കര്‍ണാടകയിലെ മുഖ്യമന്ത്രിപദവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന എല്ലാ വാര്‍ത്തകളും തള്ളി എ.ഐ.സി.സി വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല രംഗത്തെത്തി. മുഖ്യമന്ത്രി തീരുമാനം ഇന്നോ നാളെയോ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ പ്രഖ്യാപിക്കുമെന്നും ഇത് സംബന്ധിച്ച് വരുന്ന അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്നും അദേഹം വ്യക്തമാക്കി. ഇപ്പോള്‍ പ്രചരിക്കുന്ന തീയതികളില്‍ അടക്കം സത്യമില്ല. ഇത്തരം പ്രചരണങ്ങള്‍ ബിജെപിയാണ് നടത്തുന്നത്. പ്രഖ്യാപനം വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ തീരുമാനിച്ചു കഴിഞ്ഞുവെന്നും മന്ത്രിസഭ ഇന്നു തന്നെ അധികാരമേല്‍ക്കുമെന്നുമുള്ള വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചു.