കാഞ്ഞങ്ങാട്:പട്ടാപ്പകൽ നഗരമധ്യത്തിൽ നടന്ന കൊലപാതകം നഗരത്തെ ഞെട്ടിച്ചു. ഉച്ചകഴിഞ്ഞ ശേഷമാണ് കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ഫോർട്ട് വിഹാർ ലോഡ്ജിൽ യുവതി കൊല്ലപ്പെട്ട വിവരം പുറത്തറിയുന്നത്. സംഭവം അറിഞ്ഞ് ലോഡ്ജിലേക്ക് എത്തിയവർ ആദ്യം ലോഡ്ജ് അധികൃതരോട് കാര്യം അന്വേഷിച്ചെങ്കിലും ഒന്നും തുറന്നു പറയാൻ ഇവർ തയാറായില്ല. ലോഡ്ജിന്റെ മൂന്നാമത്തെ നിലയിൽ 306-ാം നമ്പർ മുറിയാണ് സതീഷ് വാടകയ്ക്ക് എടുത്തിരുന്നത്. 15 ദിവസമായി ഈ മുറിയിലാണ് പ്രതി താമസിച്ചിരുന്നത്. മുകളിലത്തെ ഈ മുറികൾ മാസ വാടകയ്ക്ക് നൽകുന്നതാണെന്ന് ലോഡ്ജ് അധികൃതർ പറയുന്നു. അതിനാൽ തന്നെ സംഭവം നടന്നത് ആദ്യം ആരും അറിഞ്ഞില്ല.
രാവിലെ 11ന് ആണ് ദേവിക മുറിയിലേക്ക് പോയതെന്ന് ലോഡ്ജ് ജീവനക്കാരൻ പറയുന്നു. പിന്നീട് ഉച്ചയ്ക്ക് ശേഷം സതീഷ് പുറത്തിറങ്ങി പോകുന്നത് കണ്ടുവെന്നും പറയുന്നു. ദേവകിയെ കൊലപ്പെടുത്തിയ ശേഷം പ്രതി നേരെ പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. ഇതിനിടയിൽ നഗരത്തിലെ ഒരു അഭിഭാഷകനെ കണ്ടതായും സുഹൃത്തിനെ ഫോണിൽ വിളിച്ചതായും വിവരമുണ്ട്. നഗരത്തിലൂടെ നടന്നാണ് സതീഷ് ഹൊസ്ദുർഗ് സ്റ്റേഷനിൽ എത്തിയത്. പൊലീസിൽ കൊലപാതക വിവരം അറിയിക്കുകയും ചെയ്തു. സംഭവം അറിഞ്ഞതോടെ പൊലീസ് ലോഡ്ജ് സന്ദർശിച്ചു. കൊലപാതകം സ്ഥിരീകരിച്ചതോടെ സതീഷിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പിന്നീട് ഫൊറൻസിക് വിദഗ്ധർ എത്തിയ ശേഷമാണ് മുറി തുറന്ന് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചത്.
കാസർകോട് സ്വന്തമായി ബ്യൂട്ടിപാർലർ നടത്തുകയാണ് ദേവിക. രാവിലെ കേരളാ സ്‌റ്റേറ്റ് ബാർബർ- ബ്യൂട്ടിഷ്യൻസ് വർക്കേഴ്‌സ് യൂണിയൻ ജില്ലാ കൺവെൻഷനിൽ പങ്കെടുത്ത ശേഷമാണ് ദേവിക ലോഡ്ജിൽ എത്തിയത്. സെക്യൂരിറ്റി ജീവനക്കാരെ എത്തിച്ചു നൽകുന്ന സ്ഥാപനം നടത്തുകയാണ് പ്രതിയായ സതീഷ്. ലോഡ്ജിൽ എത്തിയ ദേവിക സതീഷിന്റെ ഭാര്യയെ വിളിച്ച് തങ്ങൾ ഒന്നിച്ചുള്ള വിവരം പറഞ്ഞു. ഇതാണ് സതീഷിനെ ദേവികയെ കൊലപ്പെടുത്താനുള്ള തീരുമാനത്തിലെത്തിച്ചതെന്ന് പൊലീസ് സംശയിക്കുന്നു.
ജീവിക്കാൻ അനുവദിക്കുന്നില്ലെന്നും തന്നെ വിവാഹം കഴിക്കണമെന്ന് ദേവിക ഭീഷണിപ്പെടുത്തിയതായും സതീഷ് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. കാഞ്ഞങ്ങാട് ഡിവൈഎസ്പി: പി.ബാലകൃഷ്ണൻ, ഇൻസ്പെക്ടർ കെ.പി.ഷൈൻ, സ്പെഷൽ ബ്രാഞ്ച് സിഐ വി.ഉണ്ണിക്കൃഷ്ണൻ എന്നിവർ സംഭവ സ്ഥലത്തെത്തി അന്വേഷണത്തിന് നേതൃത്വം നൽകി. കാഞ്ഞങ്ങാട് സബ് കലക്ടർ സൂഫിയാൻ അഹമ്മദും വിവരമറിഞ്ഞ് സ്ഥലത്തെത്തി. രാത്രിയോടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം കണ്ണൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി.