ലക്‌നൗ ∙ തിരഞ്ഞെടുപ്പിന്റെ ഭാഗമായി രാഷ്ട്രീയ നേതാക്കൾ വിവാഹം കഴിക്കുമോ? ഉത്തർപ്രദേശിലെ രാംപുരിൽ, തദ്ദേശ തിരഞ്ഞെടുപ്പിൽ മോഹിച്ച സീറ്റ് സ്‌ത്രീസംവരണമായി മാറിയതോടെയാണ് കോൺഗ്രസ് നേതാവ് വിവാഹം കഴിച്ചതും ഒടുവിൽ ഭാര്യയെ മത്സരിപ്പിച്ച് വിജയിപ്പിച്ചതും
സംവരണ സീറ്റിൽ ഭാര്യയെ മത്സരിപ്പിക്കാൻ നാമനിർദേശ പത്രിക നൽകുന്നതിന്റെ രണ്ട് ദിവസം മുൻപാണ് കോൺഗ്രസ് നേതാവ് വിവാഹം കഴിച്ചത്. 45 വയസ്സുകാരനായ മാമുൻ ഷാ വിവാഹം കഴിച്ചത് 36 വയസ്സുകാരിയായ സനം ഖാനുത്തിനെയാണ്. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഭാര്യ വിജയിക്കുകയും ചെയ്തു.
ഏപ്രിൽ 15–നായിരുന്നു ഇവരുടെ വിവാഹം. രാംപുരിൽ മത്സരിക്കാൻ തയാറെടുക്കുന്നതിനെയാണ് സീറ്റ് വനിതാ സംവരണമാക്കിയത്. കോൺഗ്രസ് സീറ്റ് നിഷേധിച്ചപ്പോൾ എഎപി സീറ്റ് നൽകുകയായിരുന്നു. ചെയർമാൻ സീറ്റിലേക്ക് ബിജെപി സ്ഥാനാർഥിയെ കൂറ്റൻ മാർജിനിൽ തോൽപ്പിച്ച് എഎപിക്കു വേണ്ടി രാംപുരിൽ അക്കൗണ്ട് തുറക്കാനും സനം ഖാനുത്തിനു സാധിച്ചു.
25 വർഷമായി കോൺഗ്രസ് തന്നെ അവഗണിക്കുകയായിരുന്നുവെന്ന് മാമുൻ കുറ്റപ്പെടുത്തി. ‘‘വർഷങ്ങളോളം സാമൂഹിക പ്രവർത്തകനെന്ന നിലയിൽ ആളുകൾക്കിടയിൽ കഠിനാധ്വാനം ചെയ്തു. ഇത്തവണ സജീവ രാഷ്ട്രീയത്തിലേക്ക് കടക്കാൻ തീരുമാനിച്ചു. അവസാന നിമിഷം സീറ്റ് സ്ത്രീകൾക്കായി സംവരണം ചെയ്തു. മറുത്തൊന്ന് ആലോചിക്കാതെ എത്രയും വേഗം വിവാഹം ചെയ്ത് ഭാര്യയെ മത്സരിപ്പിക്കാനാണ് തീരുമാനിച്ചത്. എല്ലാം വളരെ പെട്ടെന്ന് സംഭവിച്ചു. തന്റെ പദ്ധതികൾക്കൊപ്പം ദൈവമുണ്ടായിരുന്നു. മനസ്സിനിണങ്ങിയ വധുവിനെ കണ്ടെത്താനായി. അവൾ വിജയിക്കുകയും ചെയ്തു’’- അദ്ദേഹം പറഞ്ഞു.