പാർട്ടി ഒറ്റക്കെട്ടായതുകൊണ്ടായില്ല. തെരഞ്ഞെടുപ്പ് ജയിക്കാൻ പോന്ന തന്ത്രങ്ങളും വേണമായിരുന്നു. അക്കാര്യത്തിൽ കോൺഗ്രസിന് ഒരു കുറവുമുണ്ടായിരുന്നില്ല. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെയും അതുവഴി ബി.ജെ.പിയെയും സംസ്ഥാന സർക്കാരിനെയും ലക്ഷ്യമിട്ട് വളരെ നേരത്തെ കൃത്യമായ ആസൂത്രണത്തോടെ പ്രവർത്തിച്ചു കോൺഗ്രസ്. അഴിമതി തന്നെയായിരുന്നു ഒന്നാമത്തെ ആയുധം.
കഴിഞ്ഞ സെപ്റ്റംബറിൽ സംസ്ഥാനത്തുടനീളം പൊങ്ങിയ ഒരു പോസ്റ്റർ ശരിക്കും ബി.ജെ.പി സർക്കാരിനെയും ബൊമ്മെയെയും പ്രതിരോധത്തിലാക്കി. ‘പേസിഎം’ എന്ന തലക്കെട്ടോടെ ബൊമ്മെയുടെ അഴിമതി ഉയർത്തിക്കാട്ടിയുള്ള പോസ്റ്റർ ബംഗളൂരു, മൈസൂരു നഗരങ്ങളിലും മറ്റു നഗരപ്രദേശങ്ങളിലും വ്യാപകമായി പതിച്ചായിരുന്നു കോൺഗ്രസിന്റെയും ഡി.കെയുടെയും സർജിക്കൽ സ്‌ട്രൈക്ക്. ബൊമ്മെയെ രോഷാകുലനാക്കിയ നടപടിയുടെ തുടർച്ചയായി ’40 പെർസന്റ് കമ്മിഷൻ സർക്കാർ’ എന്ന ചർച്ചയും കോൺഗ്രസ് ഉയർത്തിക്കൊണ്ടുവന്നു. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ അടക്കമുള്ള ദേശീയനേതൃത്വം ഇതേ മുദ്രാവാക്യം ഏറ്റെടുത്തു.
ഇതോടെ അഴിമതി തന്നെയായി തെരഞ്ഞെടുപ്പിലെ മുഖ്യചർച്ച. ബൊമ്മെ സർക്കാർ അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണെന്ന ചിന്ത വോട്ടർമാർക്കിടയിൽ സൃഷ്ടിക്കാൻ കോൺഗ്രസ് പ്രചാരണത്തിനായി. ഗ്രാമീണതലങ്ങളിലേറെ യുവാക്കളും ടെക്കികളും അഭ്യസ്തവിദ്യരുമെല്ലാം അടങ്ങുന്ന നഗരവോട്ടർമാരുടെ മനസിളക്കാനും ഈ പ്രചാരണത്തിനായിട്ടുണ്ടെന്നു വ്യക്തമാണ്.
‘ബജ്രങ്ദൾ നിരോധനം’: ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയ ‘മാസ്റ്റർസ്‌ട്രോക്ക്’
അഴിമതിയിൽ മുങ്ങിയ ബസവരാജ് ബൊമ്മൈ സർക്കാരിനെതിരെ കടുത്ത ഭരണവിരുദ്ധ വികാരമുണ്ടെന്ന കൃത്യമായ സൂചന ബി.ജെ.പിക്ക് നേരത്തെ തന്നെ ലഭിച്ചതാണ്. അതുകൊണ്ടു തന്നെയാണ് ഹിജാബ് മുതൽ, മുസ്‌ലിം സംവരണം എടുത്തുകളഞ്ഞതും മതപരിവർത്തന നിരോധനവും അടക്കമുള്ള കടുത്ത വർഗീയ നടപടികളിലേക്ക് ബി.ജെ.പി അവസാനഘട്ടത്തിൽ കടന്നത്. വികസന അജണ്ടകൾക്കു പകരം തനിവർഗീയത തുപ്പിയായിരുന്നു നരേന്ദ്ര മോദിയും അമിത് ഷായും സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണം നയിച്ചതും.
എന്നാൽ, ബി.ജെ.പിയുടെ വർഗീയ കാർഡിനെതിരെയുള്ള കോൺഗ്രസിന്റെ മാസ്റ്റർസ്‌ട്രോക്കോ സർജിക്കൽ സ്‌ട്രൈക്കോ ആയിരുന്നു പ്രകടനപത്രികയിലെ ‘ബജ്രങ്ദൾ നിരോധനം’ എന്ന ഒറ്റ വാഗ്ദാനം. മുഴുവൻ രാഷ്ട്രീയകേന്ദ്രങ്ങളെയും ഞെട്ടിപ്പിച്ചു പ്രഖ്യാപനം, ബി.ജെ.പിയെ മാത്രമല്ല. ജനതാദളിനും ഷോക്കായിരുന്നു ഇത്. ബജ്രങ്ദൾ സംഘത്തിന്റെ ഗുണ്ടാവിളയാട്ടത്തിന്റെ ഇരകളായ മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ലക്ഷ്യമിട്ട് നീട്ടിയെറിഞ്ഞ ചൂണ്ടയായിരുന്നു അതെന്നു വ്യക്തമാണ്. മുസ്‌ലിം, ക്രിസ്ത്യൻ അടക്കമുള്ള ന്യൂനപക്ഷ വോട്ടുകൾ ജെ.ഡി.എസ് അടക്കമുള്ള മറ്റു പാർട്ടികളിലേക്കൊന്നും വിഘടിച്ചുപോകാതെ കൃത്യമായി കോൺഗ്രസ് സ്ഥാനാർത്ഥികൾക്കു തന്നെ എത്തിക്കാൻ ആ ഒരൊറ്റ പ്രഖ്യാപനം കൊണ്ടായി.
വീരപ്പ മൊയ്‌ലി അടക്കമുള്ള കോൺഗ്രസ് നേതാക്കളടക്കം കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയപ്പോഴും പ്രഖ്യാപനത്തിൽനിന്നു പിന്മാറാൻ ഡി.കെ ശിവകുമാറോ നേതൃത്വമോ തയാറായില്ല. ബി.ജെ.പിയുടെ വർഗീയ പ്രചാരണങ്ങൾക്കു മറുപടി പറയാൻ നിൽക്കാതെ സ്വന്തമായി പ്ലാനുമായി മുന്നോട്ടുപോയ കോൺഗ്രസ് നടത്തിയ ഈ സ്ട്രാറ്റജിക് മൂവ് പ്രചാരണഘട്ടത്തിൽ തന്നെ ഫലംകണ്ടതാണ്. പി.എഫ്.ഐ നിരോധനത്തിനുള്ള മറുപടിയാണ് ബജ്രങ്ദൾ നിരോധനമെന്ന പ്രചാരണമായിരുന്നു തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ ബി.ജെ.പി വേദികളിൽ പോലും ഉയർന്നുകേട്ടത്. അഥവാ, ബി.ജെ.പി പ്രചാരണങ്ങളടക്കം കോൺഗ്രസിന്റെ പ്രകടനപത്രികയിലേക്കും പ്രഖ്യാപനങ്ങളിലേക്കും തിരിക്കാൻ ഈയൊരൊറ്റ പ്രഖ്യാപനം കൊണ്ട് കോൺഗ്രസിനായി.