മംഗളൂരു: മംഗളൂരു മണ്ഡലത്തിൽ അഞ്ചാം തവണയും മലയാളിയായ കോൺഗ്രസിന്റെ യു ടി ഖാദർ ഫരീദിന് വിജയം. 40361 വോട്ടുകളാണ് ഖാദർ നേടിയത്. എതിർ സ്ഥാനാർത്ഥിയായ ബിജെപിയിലെ സതീഷ് കുമ്പളയ്ക്ക് 24,433 വോട്ടുകൾ മാത്രമാണ് നേടാനായത്. 17,745 ആണ് ഖാദറിന്റെ ഭൂരിപക്ഷം. എസ് ഡി പി ഐ ദേശീയ സെക്രട്ടറി റിയാസ് ഫറങ്കിപ്പേട്ട്, എ എ പിയുടെ മുഹമ്മദ് അഷ്റഫ് എന്നിവരാണ് മറ്റു സ്ഥാനാർത്ഥികൾ. എസ് ഡി പി ഐക്ക് 8996 വോട്ടും ആപ്പിന് 157 വോട്ടുമാണ് ലഭിച്ചത്.
മംഗളൂരു മണ്ഡലത്തിൽ നിന്ന് നേരത്തെ നാല് തവണ തെരഞ്ഞെടുക്കപ്പെട്ട യു ടി ഖാദർ തീരദേശ കർണാടക മേഖലയിൽ കോൺഗ്രസിന്റെ ശക്തമായ മുഖമാണ്.
കർണാടകയിൽ വോട്ടെണ്ണൽ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോൾ കോൺഗ്രസ് ലീഡ് നിലയിൽ മുന്നിട്ടുനിൽക്കുന്നു. 124 സീറ്റുകളിലാണ് നിലവിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നത്. ബിജെപി 70 സീറ്റുകളിലും ജെഡി (എസ്) 25 സീറ്റുികളിലും മറ്റുള്ളവർ 5 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ലീഡ് ചെയ്യുന്ന പാർട്ടി സ്ഥാനാർത്ഥികളോട് ബെംഗളൂരുവിലെത്താൻ ഡി കെ ശിവകുമാർ ആവശ്യപ്പെട്ടു. 5.3 കോടി വോട്ടര്‍മാരാണ് കർണാടകത്തിന്‍റെ വിധിയെഴുതിയത്.