മുംബൈ: ഐപിഎൽ 2023 സീസണിലെ ഗ്രൂപ്പ് ഘട്ടത്തിലെ കലാശ പോരാട്ടങ്ങൾ ആവേശം തീർക്കുമ്പോൾ ആരാധകർ ലഭിക്കുന്നത് ക്രിക്കറ്റ് വിരുന്ന്. ഇന്ന് ഗുജറാത്ത് ടൈറ്റൻസും മുംബൈ ഇന്ത്യൻസും തമ്മിലാണ് മത്സരം. ഗുജറാത്ത് ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിച്ച് കഴിഞ്ഞു. കഴിഞ്ഞ മത്സരത്തിലെ വിജയത്തോടെ അവസാന നാലിലേക്ക് കടന്ന് വന്ന് മുംബൈക്ക് ആ സ്ഥാനം നിലനിർത്തണമെങ്കിൽ വിജയം നേടിയേ മതിയാകൂ എന്ന അവസ്ഥയാണ്.
മുംബൈ ഒഴിച്ച് ഇന്ന് ബാക്കിയുള്ള എല്ലാ ടീമുകളും ആഗ്രഹിക്കുന്നത് ഗുജറാത്ത് ടൈറ്റൻസിന്റെ വിജയമാണ്. ഡൽഹി പുറത്തായത് മാറ്റി നിർത്തിയാൽ ബാക്കി എല്ലാ ടീമുകൾക്കും ഇപ്പോഴും പ്ലേ ഓഫ് സ്വപ്നങ്ങൾ പൂട്ടിക്കെട്ടാറായിട്ടില്ല. ഇന്ന് വിജയം നേടിയാൽ ഗുജറാത്ത് പ്ലേ ഓഫ് പൂർണമായി ഉറപ്പിക്കും. ഒപ്പം ചെന്നൈ സൂപ്പർ കിംഗ്സിന് പ്ലേ ഓഫ് ഏകദേശം ഉറപ്പിക്കാനും സാധിക്കും. ഡൽഹി ഒഴികെ ബാക്കി ടീമുകൾക്കെല്ലാം മുംബൈ തോറ്റാൽ പ്ലേ ഓഫ് സാധ്യത കൂടും.
പ്രത്യേകിച്ച് രാജസ്ഥാൻ റോയൽസിന് മുംബൈയുടെ തോൽവി കൂടുതൽ ആശ്വാസകരമായി മാറും. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴരയ്ക്കാണ് മുംബൈ ഇന്ത്യസ്-ഗുജറാത്ത് ടൈറ്റന്‍സ് മത്സരം. അവശേഷിക്കുന്ന മൂന്ന് കളിയും ജയിച്ച് പ്ലേ ഓഫിലെ സ്ഥാനം ആധികാരികമാക്കുകയാണ് മുംബൈയുടെ ലക്ഷ്യം.
ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ റൺവരൾച്ച ആശങ്കയായി തുടരുന്നതിനൊപ്പം ജസ്‌പ്രീത് ബുമ്രക്ക് പിന്നാലെ ജോഫ്ര ആർച്ചർ കൂടി മടങ്ങിയതോടെ പേസ് നിരയുടെ മുനയൊടിഞ്ഞതും ടീമിന് ആശങ്കയാണ്. എന്നാല്‍ ബൗളിംഗിലും ബാറ്റിംഗിലും സന്തുലിതമായ ടൈറ്റന്‍സിന് തന്നെയാണ് മുന്‍തൂക്കം. ബാറ്റിംഗില്‍ ശുഭ്‌മാന്‍ ഗില്ലും ബൗളിംഗില്‍ മുഹമ്മദ് ഷമിയും റാഷിദ് ഖാനും തകര്‍പ്പന്‍ ഫോമിലാണ്.