സ്ഥാപനങ്ങളും വ്യക്തികളുമൊക്കെ തങ്ങളുടെ ബിസിനസ് സംരംഭങ്ങളുടെ പ്രമോഷന്റെ ഭാഗമായി പൊതുജനങ്ങൾക്ക് ഗിവ് എവെ വാഗ്ദാനങ്ങൾ നൽകാറുണ്ട്. കമ്പനികൾ നിർദ്ദേശിക്കുന്ന ഏതെങ്കിലുമൊരു കാര്യം കൃത്യമായി പാലിയ്ക്കുന്ന വ്യക്തികളിൽ നിന്ന് നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തിയാണ് ഈ സമ്മാനം നൽകാറ്. എന്നാൽ, കഴിഞ്ഞ ദിവസം യുകെയിലെ ഒരു നൈറ്റ് ക്ലബ്ബ് സംഘടിപ്പിച്ച ഗിവ് എവേ മത്സരത്തിൽ വിജയിയായ ചെറുപ്പക്കാരന് കിട്ടിയത് എന്താണെന്നറിയണോ? ഒരു ടോയ് കാർ. സംഭവം വിവാദമായതോടെ ഇപ്പോൾ ന്യായീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നൈറ്റ് ക്ലബ്ബ് അധികൃതർ.
നോഹ എഡ്വേർഡ്സ് എന്ന പതിനെട്ടുകാരനാണ് ATIK നൈറ്റ് ക്ലബ്ബ് അധികൃതരുടെ വഞ്ചനയ്ക്ക് ഇരയായത്. മാർച്ച് 31 ന് ക്ലബ്ബിൽ നടക്കുന്ന ഡിജെ ഇവന്റിൽ പങ്കെടുക്കാൻ ടിക്കറ്റെടുക്കുന്നവരിൽ ഭാഗ്യശാലിയായ ഒരാൾക്ക് സമ്മാനമായി ഒരു കാർ നൽകുമെന്നായിരുന്നു നൈറ്റ് ക്ലബ്ബ് അധികൃതർ അറിയിച്ചിരുന്നത്. നൽകാൻ പോകുന്ന കാറിന്റെ ചിത്രവും ഇവർ പരസ്യ പോസ്റ്ററുകളിൽ ഉൾപ്പെടുത്തിയിരുന്നു. ഇതു വിശ്വസിച്ചാണ് നോഹ എഡ്വേർഡ്സ് ടിക്കെറ്റെടുത്തത്. അന്നേ ദിവസം ഡിജെ പാർട്ടിക്കിടയിൽ നടന്ന നറുക്കെടുപ്പിലാണ് ഭാഗ്യശാലിയായ വിജയിയായി നോഹ എഡ്വേർഡ്സിനെ തിരഞ്ഞെടുത്തത്.
എന്നാൽ പിന്നീടായിരുന്നു കഥയിലെ ട്വിസ്റ്റ്. തൊട്ടടുത്ത ദിവസം എഡ്വേർഡ്സിന് നൈറ്റ് ക്ലബ്ബ് നൽകിയ സമ്മാനം കണ്ട് എല്ലാവരും അമ്പരന്നു ഒരു കള്ളിപ്പാട്ടക്കാർ. സംഭവം വലിയ വിമർശനങ്ങൾക്ക് ഇടയാക്കുകയും എഡ്വേർഡ്സിന്റെ അച്ഛൻ ഇംഗ്ലണ്ടിലെ കോൾചെസ്റ്ററിൽ നിന്നുള്ള ഗ്രിഗറി എഡ്വേർഡ്സ് ATIK നൈറ്റ് ക്ലബ്ബിനെതിരെ രംഗത്ത് വരികയും ചെയ്തു. നൈറ്റ് ക്ലബ്ബിനെതിരെ നിയമനടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് ഇദ്ദേഹം ഇപ്പോൾ.
എന്നാൽ തങ്ങളുടെ അതിഥികൾക്ക് വിഷമം ഉണ്ടായതിൽ ഖേദിക്കുന്നുവെന്നും അന്യായമായി ഒന്നും ചെയ്തിട്ടില്ല എന്നുമാണ് ATIK നൈറ്റ് ക്ലബ്ബ് അധികൃരുടെ പക്ഷം. വ്യത്യസ്തങ്ങളായ ഗിവ് എവേകൾ തങ്ങൾ നൽകാറുണ്ടെന്നും പ്രസ്തുത സംഭവത്തിൽ പരസ്യങ്ങളിലെവിടെയും തങ്ങൾ നൽകാൻ പോകുന്നത് യത്ഥാർത്ഥകാറാണെന്ന് പറഞ്ഞിട്ടില്ലന്നും നൈറ്റ് ക്ലബ്ബ് അധികൃതർ അറിയിച്ചതായാണ് ഡെയ്ലി ഗസറ്റ് റിപ്പോർട്ട് ചെയ്യുന്നത്.