സംസ്ഥാനത്തെ റേഷന്‍ കടകള്‍ ആധുക സൗകര്യങ്ങളോടെ ഉയര്‍ത്തുന്ന കെ സ്റ്റോര്‍ പദ്ധതിക്ക് പതിനാലിന് തുടക്കമാകും. ഉദ്ഘാടനം തൃശൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ചടങ്ങില്‍ റേഷന്‍ കടകളിലെ ഇ-പോസും ത്രാസും തമ്മില്‍ ബന്ധിപ്പിക്കുന്ന പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും.
നിലവിലുള്ള റേഷന്‍കടകളിലെ പശ്ചാത്തലസൗകര്യം വികസിപ്പിച്ച് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതല്‍ സേവനങ്ങളും ഉല്‍പ്പന്നങ്ങളും പൊതുവിതരണ ശൃംഖലയിലൂടെ ലഭ്യമാക്കുക എന്നതാണ് ‘കെ-സ്റ്റോര്‍ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തില്‍ 108 റേഷന്‍കടകളെ കെ-സ്റ്റോറുകളായി മാറ്റും. കെ സ്റ്റോര്‍ പദ്ധതി നടപ്പാക്കുവാന്‍ തയ്യാറായി നിലവില്‍ 850 ഓളം റേഷന്‍ വ്യാപാരികള്‍ മുന്നോട്ടുവന്നിട്ടുണ്ട്. ബാങ്കിംഗ് ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിടുന്ന പ്രദേശങ്ങളിലെ റേഷന്‍ കടകള്‍ക്കാണ് ഈ പദ്ധതിയില്‍ മുന്‍ഗണന നല്‍കുന്നതെന്നും മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.
10,000 രൂപ വരെ ഇടപാട് നടത്താന്‍ കഴിയുന്ന മിനി ബാങ്കിംഗ് സംവിധാനം, ഇലക്ട്രിസിറ്റി ബില്‍, വാട്ടര്‍ ബില്‍ ഉള്‍പ്പെടെയുള്ള യൂട്ടിലിറ്റി പേയ്മെന്റുകള്‍, മിതമായ നിരക്കില്‍ അഞ്ച് കിലോഗ്രാം തൂക്കമുള്ള പാചകവാതക കണക്ഷന്‍, ശബരി,മില്‍മ ഉല്‍പ്പന്നങ്ങള്‍ എന്നിവ കെ സ്റ്റോറുകളില്‍ ലഭിക്കും. കൂടാതെ ഘട്ടം ഘട്ടമായി കൂടുതല്‍ സേവനങ്ങളും ഉല്‍പ്പന്നങ്ങളും കെ സ്റ്റോറിലൂടെ നല്‍കുവാന്‍ ഉദ്ദേശിക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇ-പോസും ത്രാസും തമ്മില്‍ ബന്ധിപ്പിക്കുന്നതിലൂടെ ത്രാസിലെ തൂക്കത്തിന്റെ അളവ് ബില്ലില്‍ കൃത്യമായി രേഖപ്പെടുത്തുവാനും അതിലൂടെ തൂക്കത്തിലെ കൃത്യത ഉറപ്പുവരുത്താനും കഴിയും. 60 കിലോ വരെ തൂക്കാന്‍ കഴിയുന്ന ത്രാസാണ് റേഷന്‍കടകളില്‍ സ്ഥാപിക്കുന്നത്. എന്‍ ഇ എസ് എ ഗോഡൗണുകളില്‍ നിന്നും വരുന്ന സ്റ്റോക്കുകളുടെ തൂക്കം ഉറപ്പുവരുത്താനും ഇതിലൂടെ കഴിയുന്നു. ഏകദേശം 32 കോടി രൂപ ചെലവുവരുന്ന ഈ പദ്ധതി ഘട്ടംഘട്ടമായിട്ടാണ് നടപ്പിലാക്കുന്നത്.
റേഷന്‍ കടകളിലെത്തി ഭക്ഷ്യധാന്യങ്ങള്‍ കൈപ്പറ്റാന്‍ കഴിയാത്ത ജനവിഭാഗങ്ങള്‍ക്ക് റേഷന്‍ എത്തിച്ചു നല്‍കുന്ന ‘ഒപ്പം’ പദ്ധതി പ്രകാരം 139 ആദിവാസി ഊരുകളില്‍ ഉല്‍പ്പന്നങ്ങള്‍ എത്തിച്ചു നല്‍കുന്നുണ്ട്. സംസ്ഥാനത്തെ 50 താലൂക്കുകളില്‍ പദ്ധതി വിജകരമായി നടന്നു വരുന്നു. മെയ് 20 ഓടുകൂടി സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും പദ്ധതി പ്രാവര്‍ത്തികമാക്കുമെന്നും മന്ത്രി പറഞ്ഞു.
റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങള്‍ കൂടുതല്‍ പോഷക സമൃദ്ധമാക്കുന്നതിന് ‘ഡൈവേഴ്സിഫിക്കേഷന്‍ ഓഫ് ഫുഡ് ബാസ്‌ക്കറ്റ് പദ്ധതി’ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുവരുന്നു. 2022-23 വര്‍ഷം ഐക്യരാഷ്ട്ര സഭ ‘International Year of Millets’ ആയി പ്രഖ്യാപിച്ച സാഹചര്യത്തിലും ചെറുധാന്യങ്ങളുടെ പോഷകഗുണത്തെ സംബന്ധിച്ച് ജനങ്ങളെ ബോധവാന്‍ മാരാക്കുന്നതിനുമായി ആദ്യഘട്ടമെന്ന നിലയില്‍ സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട റേഷന്‍ ഡിപ്പോകള്‍ വഴി മുന്‍ഗണന ഗുണഭോക്താക്കള്‍ക്ക് റാഗി വിതരണം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ച് വരികയാണ്. ആദ്യഘട്ടത്തില്‍ ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലെ ആദിവാസി മലയോര മേഖലയിലെ ഏകദേശം 948 റേഷന്‍കടകളിലെ കാര്‍ഡുടമകള്‍ക്കും മറ്റിടങ്ങളില്‍ ഒരു പഞ്ചായത്തിലെ ഒരു റേഷന്‍കടയിലൂടെയും എഫ്.സി.ഐ വഴി ലഭ്യമാകുന്ന റാഗി പ്രോസസ് ചെയ്ത് പൊടിയാക്കി ഒരു കിലോഗ്രാം പായ്ക്കറ്റാക്കി വിതരണം ചെയ്യുന്ന നടപടി അന്തിമ ഘട്ടത്തിലാണ്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മൂന്നാം 100 ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി റാഗിപ്പൊടി വിതരണത്തിന്റെ ഔപചാരികമായ ഉദ്ഘാടനം അയ്യന്‍കാളി ഹാളില്‍ 18ന് വൈകുന്നേരം മൂന്ന് മണിയ്ക്ക് മുഖ്യമന്ത്രി നിര്‍വ്വഹിക്കും. ചെറുധാന്യങ്ങളുടെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുന്നതിന്റെ ഭാഗമായി അയ്യന്‍ കാളി ഹാളില്‍ രാവിലെ 9.30 മുതല്‍ 3.30 വരെ ചെറുധാന്യങ്ങളുടെ പ്രദര്‍ശന മേളയും സംഘടിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.