‘എനിക്ക് ചര്‍മാര്‍ബുദം, ക്രിക്കറ്റ് താരങ്ങള്‍ വെയില്‍ കൊള്ളുമ്പോൾ ശ്രദ്ധിക്കണം’- സാം ബില്ലിങ്‌സ്

0
192

ലണ്ടന്‍: ചര്‍മാര്‍ബുദ ബാധിതനെന്ന് വെളിപ്പെടുത്തി ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സാം ബില്ലിങ്‌സ്. അര്‍ബുദവുമായി പൊരുതുകയാണെന്നും വെയിലത്ത് കളിക്കാനിറങ്ങുമ്പോള്‍ ഉണ്ടായേക്കാവുന്ന ഗുരുതര ആരോഗ്യപ്രശ്‌നങ്ങെ കുറിച്ച് താന്‍ മറ്റുള്ളവരില്‍ അവബോധം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും 31-കാരന്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം രണ്ട് ശസ്ത്രക്രിയകള്‍ക്കാണ് താരം വിധേയനായത്. നെഞ്ചിലെ മെലാനോമ നീക്കം ചെയ്യാനായിരുന്നു ഇത്. അര്‍ബുദമാണെന്ന് കണ്ടെത്തിയ ശേഷം ക്രിക്കറ്റിനോടുള്ള കാഴ്ച്ചപ്പാട് തന്നെ മാറിയെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ സാം ബില്ലിങ്‌സ് പറയുന്നു.

‘ജന്മനാടായ കെന്റില്‍ നടത്തിയ പതിവുപരിശോധനയ്ക്കിടെയാണ് രോഗം കണ്ടെത്തിയത്. നെഞ്ചില്‍ .066 മില്ലിമീറ്റര്‍ ആഴത്തിലുള്ള മെലാനോമ ബാധിച്ചിരുന്നു. ഇത് നീക്കം ചെയ്തു. മെലാനോമ .077 മില്ലിമീറ്റര്‍ ആകുമ്പോള്‍ കൂടുതല്‍ മാരകമാവും.’ ബില്ലിങ്‌സ് പറയുന്നു.

ക്രിക്കറ്റായിരുന്നു എനിക്ക് എല്ലാം. എന്നാല്‍ അത് മാത്രമല്ല ജീവിതമെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ചൂടിനെ നേരിടാനായി കുടിക്കാനുള്ള പാനീയങ്ങള്‍ നമ്മള്‍ കൊണ്ടുപോകും. അതിന് അപ്പുറത്തേക്കുള്ള ശ്രദ്ധയില്ല. കാര്യങ്ങള്‍ നമ്മള്‍ പ്രത്യേക വീക്ഷണകോണില്‍ കാണേണ്ടതുണ്ട്. അടുത്തിടെ ലോര്‍ഡ്‌സില്‍ കളിച്ചു. സൂര്യന്‍ അസ്തമിച്ചിട്ടും താപനില 25 ഡിഗ്രി സെല്‍ഷ്യസ് എങ്കിലും കാണും. സണ്‍ക്രീം പുരട്ടുന്നത് ഒരു ജോലി പോലെയാണ് നമ്മള്‍ പരിഗണിക്കുന്നത്. നമ്മുടെ ചര്‍മത്തിന് ആവശ്യമുള്ളതാണ് എന്ന ചിന്തയില്ല. ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് ഇതിനെ കുറിച്ച് മറ്റുള്ളവരേക്കാള്‍ അവബോധം കൂടുതലുണ്ട്. എന്നാല്‍ മറ്റു രാജ്യങ്ങള്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കുന്നേയില്ല. ക്രിക്കറ്റില്‍ ഒരു പൊതുതീരുമാനം ഉണ്ടാകണം. സൂര്യന്‍ അസ്തമിച്ചശേഷം കളിച്ചാല്‍ ശരീരത്തെ സംരക്ഷിക്കാനാകും. സാം ബില്ലിങ്‌സ് പറയുന്നു.

31-കാരനായ ബില്ലിങ്‌സ് ഇംഗ്ലണ്ടിനായി മൂന്ന് ടെസ്റ്റുകളും 28 ഏകദിനങ്ങളും 37 ട്വന്റി-20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. നിലവില്‍ കൗണ്ടി ക്രിക്കറ്റില്‍ കെന്റ് ക്ലബ്ബിന്‍ താരമാണ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here