വനിത ഡോക്ടറെ കൊലപ്പെടുത്തിയത് അധ്യാപകന്‍; ആറ് തവണ കുത്തി, തടയാന്‍ ശ്രമിച്ചവരേയും ആക്രമിച്ചു

0
324

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടറെ കുത്തിക്കൊന്ന കേസിലെ പ്രതി യുപി സ്‌കൂള്‍ അധ്യാപകന്‍. കൊല്ലം നെടുമ്പന യുപി സ്‌കൂളിലെ അധ്യാപകനായ എസ് സന്ദീപാണ് ആക്രമണം നടത്തിയത്. അടിപിടി കേസുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായി സന്ദീപിനെ വൈദ്യ പരിശോധനയ്ക്കായിട്ടായിരുന്നു താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സന്ദീപിന്റെ ശരീരത്തിലുണ്ടായിരുന്ന മുറിവ് തുന്നിക്കെട്ടുത്തനിടെ ആയിരുന്നു ഡോക്ടര്‍ക്ക് നേരെ ആക്രമണം നടത്തിയത്.

സര്‍ജിക്കല്‍ കത്രിക ഉപയോഗിച്ചായിരുന്നു ഇയാള്‍ ഡോക്ടര്‍ വന്ദനയെ ആക്രമിച്ചത്. ആറോളം തവണ സന്ദീപ് വന്ദനയെ കുത്തിയെന്നാണ് റിപ്പോര്‍ട്ട്. തടയാന്‍ ശ്രമിച്ച പോലീസുകാരുള്‍പ്പെടെയുള്ളര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ആശുപത്രിയിലെ ഹോം ഗാർഡ് അലക്സ് കുട്ടി, കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ എസ്ഐ മണിലാൽ എന്നിവർക്കും കുത്തേറ്റു. യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രതി ആക്രമണം നടത്തിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇന്ന് പുലര്‍ച്ചെ നാലരെയോടൊയാണ് സംഭവം നടന്നത്.

നെടുമ്പന സ്‌കൂളിലെ അധ്യാപകനായ സന്ദീപ് ലഹരി മുക്തചികിത്സയില്‍ കഴിയുന്ന വ്യക്തിയാണ് എന്നാണ് വിവരം. നിലവില്‍ അധ്യാപക ജോലിയില്‍ നിന്നും സസ്‌പെന്‍ഷനിലായ ഇയാള്‍ ഡി അഡിക്ഷന്‍ സെന്ററില്‍ നിന്നും കഴിഞ്ഞ ദിവസമാണ് വീട്ടില്‍ എത്തിയതാണ്. ഇന്ന് പുലര്‍ച്ചെ നാട്ടുകാരും വീട്ടുകാരുമായി അടിപിടി ഉണ്ടായതിനെ തുടര്‍ന്നാണ് പോലീസ് എത്തിയത്. നാട്ടുകാരുമായുളള സംഘര്‍ഷത്തില്‍ പരിക്കേറ്റ ഇയാളെ കസ്റ്റഡിയിലെടുത്ത ശേഷമാണ് പോലീസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.

പ്രതിയുടെ ആക്രമണത്തില്‍ പരുക്കേറ്റ ഡോക്ടര്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി ഡോക്ടര്‍മാരുടെ സംഘടന രംഗത്തെത്തി. സംസ്ഥാന വ്യാപകമായി പണിമുടക്ക് നടത്തുമെന്ന് ഐഎംഎ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here