കരമന: എഐ ക്യാമറയുടെ പിഴ ചുമത്തലും നിയമ ലംഘനം പിടികൂടുന്ന രീതിയുമെല്ലാം വിവാദങ്ങളില്‍ കുടുങ്ങി നില്‍ക്കുന്നതിനിടയില്‍ റോഡ് ക്യാമറ എടുത്ത ചിത്രം തലസ്ഥാനത്ത് കുടുംബ കലഹത്തിന് കാരണമായിരിക്കുകയാണ്. ആര്‍സി ഉടമയായ ഭാര്യയുടെ ഫോണിലേക്ക് മോട്ടോര്‍ വാഹന വകുപ്പ് ക്യാമറയില്‍ പതിഞ്ഞ ചിത്രമെത്തിയതാണ് പൊല്ലാപ്പായത്. പിന്നിലിരുന്നയാള്‍ ഹെല്‍മറ്റ് ധരിക്കാതെ വന്നതിന് പിന്നാലെയാണ് പിഴയുടെ വിവരം ചിത്രമടക്കം ആര്‍സി ഉടമയുടെ ഫോണിലേക്ക് എത്തിയത്. എന്നാല്‍ ഭര്‍ത്താവ് ഓടിച്ച വാഹനത്തിലുണ്ടായിരുന്നത് മറ്റൊരു യുവതിയായതാണ് കുടുംബ കലഹത്തിന് കാരണമായത്.
വിവരം ഭര്‍ത്താവിനോട് തിരക്കിയതിന് പിന്നാലെ വീട്ടില്‍ വഴക്കായി. പിന്നാലെ തന്നെയും മൂന്ന് വയസുള്ള കുഞ്ഞിനെയും ഭര്‍ത്താവ് മര്‍ദ്ദിച്ചെന്ന് കാണിച്ച് യുവി പൊലീസ് സ്റ്റേഷനിലെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. കരമന പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. യുവതിയുടെ പരാതിയില്‍ ഇടുക്കി സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.
വിവാദങ്ങള്‍ തുടരുമ്പോഴും, എ ഐ ക്യാമറയില്‍ പതിഞ്ഞ ഗതാഗത നിയമലംഘനത്തില്‍ ബോധവത്ക്കരണ നോട്ടീസ് അയച്ചു തുടങ്ങി. പലതവണ ഗതാഗത നിയമലംഘനം നടത്തുന്നവർക്കാണ് നോട്ടീസ് ആദ്യം അയയ്ക്കുന്നത്. ഒരാഴ്ചത്തെ നിയമലംഘനങ്ങളുടെ നോട്ടീസ് ആണ് അയക്കുന്നത്. അതേസമയം സംസ്ഥാനത്ത് എഐ ക്യാമറകള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയതോടെ നിയമലംഘനങ്ങളുടെ എണ്ണം കുറഞ്ഞുവെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് നിരീക്ഷണം. ഏപ്രില്‍ മാസം 20നായിരുന്നു ക്യാമറകളുടെ ഉദ്ഘാടനം.
തലേദിവസം 3,97,488 നിയമ ലംഘനങ്ങളാണ് എഐ ക്യാമറയില്‍ പതിഞ്ഞത്. എന്നാല്‍ 20 മുതല്‍ പിഴ ചുമത്തുമെന്ന് അറിഞ്ഞതോടെ പലരും നിയമം അനുസരിച്ചു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 20ാം തീയതി 2,68,380 ആയി നിയമ ലംഘനങ്ങൾ കുറഞ്ഞു. എന്നാല്‍ ഒരുമാസത്തേക്ക് പിഴ വേണ്ടെന്നും ബോധവല്‍ക്കരണം മതിയെന്ന് പ്രഖ്യാപിച്ചതോടെ തൊട്ടടുത്ത ദിവസം നിയമ ലംഘനങ്ങള്‍ വീണ്ടും കൂടി. 21ാം തീയതി നിയമം ലംഘിച്ചവരുടെ 2,90,823 ആയി. എന്നാല്‍ ഉദ്ഘാടനത്തിന് മുമ്പുള്ള അത്ര നിയമ ലംഘനങ്ങള്‍ ഉണ്ടായില്ലെന്ന ആശ്വാസത്തിലാണ് മോട്ടോര്‍ വാഹന വകുപ്പുള്ളത്.