യു.എ.ഇയില്‍ വാഹനമോടിക്കുന്നവരാണോ നിങ്ങള്‍. എന്നാല്‍ രാജ്യത്തിന്റെ നിരത്തുകളിലൂടെ വാഹനമോടിക്കുമ്പോള്‍ സൂക്ഷ്മത പാലിക്കേണ്ടത് അത്യാവശ്യമാണ്. വാഹനങ്ങള്‍ ഓടിക്കുമ്പോഴും പാര്‍ക്കിങ്ങിന്റെ വേളയിലും യു.എ.ഇയുടെ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. നിയമലംഘനം നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷയും പിഴയുമാണ് യു,എ.ഇ ഭരണകൂടം നല്‍കുക.
യു.എ.ഇയിലെ ഫെഡറല്‍ ട്രാഫിക് നിയമപ്രകാരം അനുവദനീയമല്ലാത്തയിടങ്ങളില്‍ പാര്‍ക്ക് ചെയ്യുന്നതിനും തെറ്റായ പാര്‍ക്കിങ് രീതികള്‍ക്കും 500 ദിര്‍ഹം വരെ പിഴ ലഭിച്ചേക്കും അതിനാല്‍ തന്നെ പാര്‍ക്കിങ് അനുവദനീയമായിടത്ത് ശരിയായ രീതിയില്‍ തന്നെയാണ് പാര്‍ക്ക് ചെയ്യുന്നത് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
ഇത് കൂടാതെ കാല്‍നടയാത്രക്കാര്‍ നടക്കാന്‍ ഉപയോഗിക്കുന്ന നടപ്പാതകളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ക്ക് 400 ദിര്‍ഹം വരേയും പിഴ ലഭിക്കുന്നതാണ്. നടപ്പാത ഉപയോഗിക്കുന്ന കാല്‍നടയാത്രക്കാരുടെ അവകാശത്തിന്‍ മേലുളള കടന്നുകയറ്റമെന്ന രീതിയിലാണ് യു.എ.ഇ ഭരണകൂടം നടപ്പാതയിലെ പാര്‍ക്കിങ്ങിനെ കാണുന്നത്.
നടപ്പാതയിലെ പാര്‍ക്കിങ് കൂടാതെ കാല്‍നടക്കാരുടെ സഞ്ചാരത്തെ തടയുന്ന രീതിയില്‍ പാര്‍ക്കിങ് നടത്തിയാലും 400 ദിര്‍ഹം പിഴ ലഭിക്കുന്നതാണ്.
അത് പോലെ തന്നെ വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് ഫയര്‍ ഹൈഡ്രന്റുകള്‍ക്ക് മുന്നിലെ പാര്‍ക്കിങ് ഒഴിവാക്കുക എന്നത്. ഇത്തരത്തിലുളള പാര്‍ക്കിങ് ഗുരുതരമായ നിയമ ലംഘനത്തിന്റെ പരിധിയിലാണ് വരുന്നത്. ഫയര്‍ ഹൈഡ്രന്റുകള്‍ക്ക് മുന്നിലെ പാര്‍ക്കിങിന് 1000 ദിര്‍ഹമെന്ന വലിയ പിഴയാണ് ലഭിക്കുക. 1000 ദിര്‍ഹം പിഴ കൂടാതെ ആറ് ബ്ലാക്ക് പോയിന്റുകളും ഈ നിയമലംഘനത്തിന് ലഭിക്കും. അത് പോലെ തന്നെ ഗൗരവകരമായ കുറ്റമാണ് വാഹനം ഓടിക്കുന്നതിനിടയില്‍ തക്കതായ കാരണം കൂടാതെ റോഡിന്റെ നടുവില്‍ വാഹനം നിര്‍ത്തുക എന്നതും.
ഈ കുറ്റത്തിനും 1000 ദിര്‍ഹം പിഴയും ആറ് ബ്ലാക്ക് പോയിന്റുകളും ശിക്ഷയായി ലഭിക്കും.റോഡിന്റെ നടുവില്‍ അനാവശ്യമായി വാഹനം നിര്‍ത്തുന്നതിന് പിഴ ലഭിക്കുന്നത് പോലെ തന്നെ അനാവശ്യമായി തോന്നുന്നയിടത്തിലേല്ലാം വാഹനം നിര്‍ത്തുന്നതും യു.എ.ഇയില്‍ ശിക്ഷാര്‍ഹമാണ്. യെല്ലോ ബോക്‌സുകളില്‍ കൊണ്ടുചെന്ന് വാഹനം നിര്‍ത്തിയാല്‍ 500 ദിര്‍ഹമാണ് പിഴയായി നല്‍കേണ്ടി വരിക.അതുപോലെ തന്നെ പൊതുനിരത്തുകളില്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ നിരോധനമുളളയിടങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ 1000 ദിര്‍ഹമാണ് പിഴയായി ലഭിക്കുക.