മുംബയ്: മുംബയ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടിയ സംഭവത്തിൽ ജുവലറി ഉടമയും മകനും പിടിയിൽ. ദുബായിൽ ജുവലറി നടത്തുന്ന മലയാളികളായ മുഹമ്മദാലി, മകൻ ഷബീബ് അലി എന്നിവരെയാണ് റവന്യു ഇന്റലിജൻസ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞമാസം ഇരുപത്തിനാലിന് വിമാനത്താവളത്തിൽ 16.36 കിലോ സ്വർണം പിടികൂടിയിരുന്നു. മിശ്രിത രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ച് കടത്തിയ പതിനെട്ട് പേരെയും പിടികൂടിയിരുന്നു. യു എ ഇയിൽ നിന്നുള്ള വിവിധ വിമാനങ്ങളിലാണ് ഇവരെത്തിയത്. റവന്യു ഇന്റലിജൻസ് വിമാനത്താവളത്തിലെ അധികൃതർക്ക് നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്.
സുഡാൻ സ്വദേശികളായ സുഹെയ്ൽ പൂനാവാല, യൂനൂസ് ഷെയ്ഖ്, ഗോവിന്ദ് രാജ്പുത്ത്,മുഹമ്മദ് ആലം, മുഹമ്മദ് ഉസ്മാൻ എന്നിവരാണ് അന്ന് പിടിയിലായത്. ഇവരൊക്കെ സ്വർണക്കടത്ത് റാക്കറ്റിന്റെ ഭാഗമാണെന്നാണ് റവന്യൂ ഇന്റലിജൻസ് അധികൃതർ പറയുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ജുവലറി ഉടമയുടെയും മകന്റെയും പങ്ക് വ്യക്തമായത്.