മലപ്പുറം: താനൂർ പൂരപ്പുഴയിൽ തെരച്ചിൽ തുടരുന്നു. കൂടുതൽ ആളുകൾ കുടുങ്ങിക്കിടന്നേക്കാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. അതേസമയം, കാൺമാനില്ലെന്ന പരാതിയുമായി ആരും ഇതുവരെ പോലീസിനെ സമീപിച്ചിട്ടില്ല.
എൻഡിആർഎഫിന്റെ നേതൃത്വത്തിലാണ് ഇപ്പോൾ പരിശോധന നടക്കുന്നത്. ഇന്നലെ നടന്ന പരിശോധന വൈകിട്ട് ആറുമണിയോടെ അവസാനിപ്പിച്ചിരുന്നു. തുടർന്നാണ് ഇന്ന് രാവിലെ വീണ്ടും പുനരാരംഭിച്ചത്. സ്രാങ്ക് അടക്കമുള്ള ജീവനക്കാരെ കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇവർ അപകടത്തിൽ പെട്ടിട്ടുണ്ടോ എന്ന സംശയം ഉദ്യോഗസ്ഥർക്കുണ്ട്.
ബോട്ടിൽ അന്യസംസ്ഥാന തൊഴിലാളികൾ കയറിട്ടുണ്ടോ എന്ന ആശങ്ക നാട്ടുകാർ പങ്കുവെച്ചിരുന്നു. അങ്ങനെയെങ്കിൽ ഒരുപക്ഷെ പരാതിപ്പെടാൻ സാധ്യതയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം പുഴയിൽ വിശദമായ പരിശോധന നടത്തിയതാണെന്നും മൃതദേഹങ്ങൾ ഉണ്ടെങ്കിൽ കണ്ടെത്താനായേനെ എന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ജില്ലാ കളക്ടറുടെ നിർദേശപ്രകാരമാണ് ഇന്ന് കൂടി പരിശോധന നടത്താനുള്ള നടപടി.