പരിക്കേറ്റ് മടങ്ങി ക്യാപ്റ്റൻ രാഹുൽ; പകരക്കാരനായി ഈ സൂപർ ബാറ്ററെ ടീമിലെടുത്ത് ലഖ്നോ…

0
225

മികച്ച താരമായിട്ടും ഫോം നഷ്ടം വലക്കുന്ന കെ.എൽ രാഹുൽ പരിക്കുമായി പുറത്തായതിനു പിന്നാലെ പകരക്കാരനായി ലഖ്നോ ടീമിലെടുത്തത് മികച്ച ബാറ്ററെ. ദേശീയ നിരക്കൊപ്പം ട്രിപ്പിൾ സെഞ്ച്വറിയടക്കം കുറിച്ചിട്ടും തിളങ്ങാനാകാതെ പോയ കരുൺ നായരാണ് പുതുതായി ലഖ്നോ നിരയിത്തിയത്. 50 ലക്ഷം അടിസ്ഥാന വിലയുള്ള താരത്തെ സീസൺ ആരംഭത്തിൽ ആരും വിളിച്ചിരുന്നില്ല. ഇതാണ് ലഖ്നോക്ക് അവസരമായത്. പരിക്കുമായി മടങ്ങിയ രാഹുൽ ജൂൺ ഏഴിന് ലണ്ടനിലെ ഓവൽ സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും കളിക്കില്ല.

താരത്തെ പരിശോധിച്ച മെഡിക്കൽ സംഘം തുടയിൽ ശസ്ത്രക്രിയ നിർദേശിച്ചിട്ടുണ്ട്. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിനെതിരായ മത്സരത്തിലാണ് രാഹുലിന് പരിക്കേറ്റത്. ഫീൽഡിങ്ങിനിടെ വീണാണ് തുടക്ക് പരിക്ക്. മത്സരത്തിന്റെ രണ്ടാം ഓവറിൽ പന്തിനായി ഓടുന്നതിനിടെ വീഴുകയായിരുന്നു.

ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ച്വറിയെന്ന അപൂർവ നേട്ടത്തിനുടമായ കരുൺ നായർ ഐ.പി.എല്ലിൽ 76 മത്സരങ്ങളിലായി 1,496 റൺസ് നേടിയിട്ടുണ്ട്. ഡൽഹി ഡെയർഡെവിൽസ്, കിങ്സ് ഇലവൻ പഞ്ചാബ്, കൊൽക്കത്ത ​​നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയൽസ്, ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് എന്നീ ടീമുകൾക്കൊപ്പമാണ് മുമ്പ് ബാറ്റേന്തിയത്. അവസാന മൂന്നു സീസണിൽ മൂന്നാം ടീമാണിത്.

മികച്ച താരമായിട്ടും ഒരു ടീമും ലേലത്തിലെടുക്കാത്ത കരുൺ നായർ 2022-23 സീസണിൽ കാര്യമായി പ്രഫഷനൽ ക്രിക്കറ്റിൽ ഇറങ്ങിയിട്ടില്ല. കർണാടക ടീമിൽനിന്നും താരം പുറത്തായിരുന്നു. നേരത്തെ ഡേവിഡ് വില്ലിക്ക് പരി​ക്കേറ്റതിനെ തുടർന്ന് ബാംഗ്ലൂർ ടീം കരുൺ നായരെ പരിഗണിച്ചിരുന്നെങ്കിലും ഒടുവിൽ കേദാർ ജാദവിനാണ് നറുക്കു വീണത്. ആഭ്യന്തര ക്രിക്കറ്റിൽ കെ.എൽ രാഹുലും കരുൺ നായരും കർണാടകക്കായി കളിച്ച താരങ്ങളാണ്.

ഐ.പി.എൽ പോയിന്റ് പട്ടികയിൽ ലഖ്നോ രണ്ടാമതാണ്. 10 കളികളിൽ അഞ്ചു ജയമാണ് ടീമിന്റെ സമ്പാദ്യം. തുടർച്ചയായ രണ്ടാം ​േപ്ലഓഫ് സ്വപ്നങ്ങളിലേക്ക് തുടർന്നുള്ള മത്സരങ്ങളിൽ ക്രുനാൽ പാണ്ഡ്യയാകും ടീമിനെ നയിക്കുക.

സമീപകാലത്ത് തീരെ മോശം ഫോമിലുള്ള രാഹുലിന് ദേശീയ ഉപനായക പദവി നഷ്ടമായിരുന്നു. ടെസ്റ്റ് ഇലവനിൽനിന്നും പുറത്താകുകയും​ ചെയ്തു. ഒരു വർഷത്തിനിടെ ട്വന്റി20 മത്സരങ്ങളിൽ അവസരവും കാര്യമായി ലഭിച്ചിരുന്നില്ല. ഏകദിന ടീമിൽ പക്ഷേ, ഇപ്പോഴും ഇടം നഷ്ടമായിരുന്നില്ല. ബി.സി.സി.ഐ പുതുക്കിയ കരാറിൽ താരത്തിന്റെ ഗ്രേഡ് എയിൽനിന്ന് ബിയിലേക്ക് തരംതാഴ്ത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here