കോഴിക്കോട്: ആളുമാറി പിഴ ഈടാക്കാൻ സന്ദേശമയച്ച് വീണ്ടും മോട്ടോർ വാഹന വകുപ്പ്. ആക്ടിവ സ്കൂട്ടർ യാത്രക്കാർ ഹെൽമറ്റ് ധരിക്കാതെ നിയമലംഘനം നടത്തിയെന്ന് കാട്ടി സന്ദേശം ലഭിച്ചത്. ഒന്നുമറിയാത്ത ടിവിഎസ് സ്കൂട്ടർ യാത്രക്കാരൻ, പെയിൻ്റിങ് തൊഴിലാളിയായ താമരശ്ശേരി കോരങ്ങാട് കരുവള്ളി മുഹമ്മദ് യാസീനാണ് പിഴ അടക്കാൻ ഫോണിൽ സന്ദേശമായി നോട്ടീസ് ലഭിച്ചത്.
മുഹമദ് യാസിൻ്റെ ഉടമസ്ഥതയിലുള്ള കെഎൽ 57 വൈ 4428 നമ്പർ ടിവിഎസ് എൻട്രോക്ക് സ്കൂട്ടറിൽ ഹെൽമറ്റില്ലാതെ രണ്ടു പേർ സഞ്ചരിച്ചെന്ന് കാണിച്ചാണ് പിഴ അടയ്ക്കാൻ ചെലാൻ ലഭിച്ചത്. മുഹമ്മദ് യാസീൻ ചെലാനിനൊപ്പമുള്ള ഫോട്ടോ പരിശോധിച്ചപ്പോഴാണ് ആക്റ്റീവ സ്കൂട്ടറിലാണ് രണ്ട് പേർ ഹെൽമറ്റ് ധരിക്കാതെ പോകുന്നതെന്ന് ശ്രദ്ധയിൽപ്പെട്ടത്. ആക്റ്റീവ സ്കൂട്ടറിന്റെ നമ്പർ കെഎൽ 57 വൈ 4424 ആയിരുന്നു. വാഹനത്തിന്റെ അവസാന നമ്പർ മാറിയാണ് പിഴ ചെലാൻ മോട്ടോർ വാഹന വകുപ്പ് അയച്ചിരിക്കുന്നത്. മോട്ടോർ വാഹന വകുപ്പ് ജീവനക്കാരുടെ അലസമായ പ്രവൃത്തിയാണ് ആൾ മാറി പിഴ ചെലാൻ വരാൻ ഇടയാക്കിയതെന്നാണ് യാസീൻ സംശയിക്കുന്നത്. പിഴ ആളുമാറി നൽകുന്നത് തുടർച്ചയായി നിരവധി സംഭവങ്ങളാണ് അടുത്തിടെ റിപ്പോർട്ട് ചെയ്തത്.
അതേസമയം, തിരുവനന്തപുരത്ത് ഹെൽമെറ്റ് ഇല്ലാതെ വണ്ടിയോടിച്ചെന്ന് കാണിച്ച് പിക്കപ്പ് വാഹനത്തിന് പിഴ നോട്ടീസ് അയച്ച സംഭവത്തിൽ വിശദീകരണവുമായി മോട്ടോര്‍ വാഹന വകുപ്പ് എത്തിയിരുന്നു. വണ്ടി നമ്പർ രേഖപ്പെടുത്തിയപ്പോൾ വന്ന പിഴവാണെന്നും നോട്ടീസ് പിൻവലിച്ചുവെന്നും എംവിഡി അറിയിച്ചു. ആറ്റിങ്ങൽ ആർടിഒയിലെ ഉദ്യോഗസ്ഥനാണ് പിഴവ് സംഭവിച്ചത്. പിഴ പിൻവലിച്ച വിവരം വാഹന ഉടമയായ ബഷീറിനെ വിളിച്ച് അറിയിക്കുകയായിരുന്നു.
മോട്ടോർ വാഹന വകുപ്പ് വിചിത്ര നോട്ടീസ് അയച്ച വിവരം ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് കാഞ്ഞിരംപാറ സ്വദേശി ബഷീന് പിക് അപ്പ് വാനിന് ഹെൽമെറ്റ് ഇല്ലാതെ വാഹമോടിച്ചെന്ന് കാണിച്ച് പിഴ ചുമത്തിയത്. ബഷീറിന്‍റെ മൊബൈലിലേക്ക് മോട്ടോര്‍ വാഹനവകുപ്പ് ആറ്റിങ്ങൽ ഓഫീസിൽ നിന്ന് സന്ദേശമെത്തുകയായിരുന്നു.
ഹെൽമറ്റില്ലാതെ ഓടിക്കുന്ന ബൈക്കിന്‍റെ ചിത്രം സഹിതമായിരുന്നു പിക്കപ്പ് വാൻ രജിസ്ട്രേഷൻ നമ്പറിൽ ചെലാൻ നോട്ടീസ്. 500 രൂപ പിഴ ഒടുക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ലിങ്ക് തുറന്ന് വാഹന നമ്പര്‍ അടക്കം രേഖപ്പെടുത്തി പരിശോധിച്ചപ്പോൾ KL02BD5318 വാഹന ഇനം ഗുഡ്സ് ക്യാരിയറെന്നായിരുന്നുരേഖപ്പെടുത്തിയിരുന്നത്. ഹെൽമെറ്റില്ലാതെ ബൈക്ക് ഓടിച്ചതിന് 500 രൂപാ പിഴ ഒടുക്കണമെന്നും നോട്ടീസിലുണ്ടായിരുന്നു. കൊല്ലം മൈലക്കാട് കണ്ണനല്ലൂരിൽവച്ച് എംവിഡി ക്യാമറക്കണ്ണിൽപ്പെട്ട ബൈക്കിന്‍റെ ചിത്രത്തിലാകട്ടേ രജിസ്റ്റര്‍ നമ്പര്‍ പോലും വ്യക്തമായിരുന്നില്ല.