കോവിഡ് അടിയന്തരാവസ്ഥ പിന്‍വലിച്ചു; ഗുരുതര സാഹചര്യം മാറി, ജാഗ്രത തുടരണമെന്നും ലോകാരോഗ്യ സംഘടന

0
143

ആരോഗ്യ അടിയന്തരാവസ്ഥ പിന്‍വലിച്ച് ലോകാരോഗ്യ സംഘടന. കോവിഡ് സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച ആരോഗ്യ അടിയന്തരാവസ്ഥയാണ് പിന്‍വലിച്ചത്. മിക്കയിടങ്ങളിലും കോവിഡ് ബാധ നിയന്ത്രണവിധേയമായ സാഹചര്യത്തിലാണ് നീക്കം. മൂന്ന് വര്‍ഷം മുന്‍പാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. ഇനി കോവിഡിന്റെ ചെറിയ തരംഗങ്ങള്‍ മാത്രമേ ഉണ്ടാകൂ എന്ന വിലയിരുത്തലിലാണ് പ്രഖ്യാപനം. അടിയന്തരാവസ്ഥ പിന്‍വലിച്ചെങ്കിലും രോഗബാധയെ ഗൗരവത്തോടെ കാണണമെന്നും ആരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വ്യക്തമാക്കി.

ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് ലോകത്ത് ആകെ 70 ലക്ഷത്തോളം ആളുകളാണ് കോവിഡ് മൂലം മരിച്ചത്. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം ഇത് 2 കോടിയോളം വരുമെന്നും അദ്ദേഹം പറഞ്ഞു. തെക്ക് കിഴക്കന്‍ ഏഷ്യയിലും മധ്യേഷ്യയിലും കോവിഡ് കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ഓരോ ആഴ്ചയും ആയിരക്കണക്കിനാളുകൾ കോവിഡ് ബാധിച്ച് മരിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 2020 ജനുവരി 30 നാണ് കോവിഡിനെ തുടര്‍ന്ന് ലോകത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. മെയ് 11 ന് ശേഷം മാത്രമേ അടിയന്തരാവസ്ഥ പൂര്‍ണമായി നീക്കുകയുള്ളു.

2020 ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോഴും ദുര്‍ബലമായ ആരോഗ്യ സംവിധാനങ്ങളുള്ള രാജ്യങ്ങള്‍ വലിയ ഭീഷണി ഉയര്‍ത്തിയിരുന്നു. സംവിധാനങ്ങള്‍ ഇല്ലാത്ത രാജ്യങ്ങള്‍ എങ്ങനെ ഇതിനോട് പൊരുതും എന്നത് വലിയ ആശങ്കയായിരുന്നു. എന്നാല്‍ വാസ്തവത്തില്‍ എല്ലാ സംവിധാനങ്ങളുമുള്ള അമേരിക്കയും ബ്രിട്ടണ്‍ പോലുള്ള രാജ്യങ്ങളാണ് ഇതിന്റെ പ്രത്യാഘാതങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിച്ചതെന്നും ഗെബ്രിയേസസ് വ്യക്തമാക്കി.

ലോകാരോഗ്യ സംഘനയുടെ കണക്കുകള്‍ പ്രകാരം ആഫ്രിക്കയില്‍ ആഗോള മരണ സംഖ്യയുടെ മൂന്ന് ശതമാനം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2020 ജനുവരി 30 ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോള്‍ കോവിഡ് ചൈനയില്‍ മാത്രമാണ് വലിയ നാശമുണ്ടാക്കിയത്. പിന്നീടാണ് ഇത് ലോകം മുഴുവനും വ്യാപിക്കുന്നത്. ഇതിനിടയിലാണ് ഫലപ്രദമായ വാക്‌സിന്‍ പല രാജ്യങ്ങളിലും കണ്ടുപിടിക്കുന്നത്. അത് ഒരുപാട് ജീവനുകളെ രക്ഷിച്ചു. എന്നാല്‍ പല രാജ്യങ്ങളിലും വാക്‌സിന്‍ ഇപ്പോഴും മിക്കവരിലും എത്തിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here