ഏതാനും ദിവസങ്ങൾക്ക് മുമ്പ് കാസർകോടിനെ കുറിച്ച് നിര്‍മാതാവ് രജപുത്ര രഞ്‍ജിത്തിന്റെ പരാമർശം വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. മയക്കുമരുന്ന് എത്തിക്കാൻ സൗകര്യമായത് കൊണ്ട് സിനിമകള്‍ കൂടുതല്‍ ചിത്രീകരിക്കുന്നത് കാസര്‍കോടയാത് എന്നായിരുന്നു എം രഞ്ജിത്തിന്റെ പരാമർശം. പിന്നാലെ നിരവധി പേർ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
“രഞ്ജിത്തേട്ടൻ പറഞ്ഞതിൽ ഖണ്ഡിച്ച് പറയാൻ ഒന്നുമില്ല. കാസർകോടിനെക്കാൾ കൂടുതൽ ലഹരികൾ ചിലപ്പോൾ കൊച്ചിയില്‍ കിട്ടുമായിരിക്കും. എനിക്ക് അതിനെ കുറച്ച് അറിയില്ല. ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി എന്നിവരുമായി ബന്ധപ്പെട്ട മീറ്റിങ്ങിൽ പ്രൊഡ്യൂസർ അസോസിയേഷൻ അംഗങ്ങൾ പറയുന്നത് ഞങ്ങൾക്ക് തല കുനിച്ച് നിന്ന് കേൾക്കേണ്ടി വന്നു. പരാതികളാണ്. ഞങ്ങളുടെ അംഗമല്ലാതിരുന്നിട്ട് കൂടിയും ജനറലായി സിനിമ എന്നല്ലേ വരൂ. അങ്ങനെ വരുമ്പോൾ എന്തും വരുന്നത് അമ്മയിലേക്ക് ആയിരിക്കും”, എന്നാണ് ബാബുരാജ് പറഞ്ഞത്.
രഞ്‍ജിത്തിന്‍റെ വിവാദ പരാമര്‍ശം ഇങ്ങനെ
മൂവി വേൾഡ് മീഡിയ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു കാസർകോടിനെ പറ്റിയുള്ള എം രഞ്ജിത്തിന്റെ പരാമർശം. നടൻമാരായ ശ്രീനാഥ് ഭാസിക്കും ഷെയിനിനും വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ ആയിരുന്നു ഇത്. മയക്കുമരുന്നിനടിമകളായ നടൻമാരുമായി സഹകരിക്കില്ലെന്നും ശ്രീനാഥ് ഭാസിയും ഷെയ്‍ൻ നിഗവും നിര്‍മാതാക്കളുള്‍പ്പടെയുള്ള സഹപ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണെന്നും രഞ്ജിത്ത് പറഞ്ഞു. ഇതേ കുറിച്ച് ചോദിച്ചപ്പോൾ, സിനിമ മേഖലയിൽ മാത്രമല്ല, ദിനവും പത്രങ്ങളിൽ അവിടെ മയക്കുമരുന്ന് പിടിച്ചു ഇവിടെ പിടിച്ചു എന്നൊക്കെയാണ്. ഇപ്പോൾ കുറേ സിനിമകൾ എല്ലാം തന്നെ കാസർകോട് ആണ് ഷൂട്ട് ചെയ്യുന്നത്. എന്താന്ന് വച്ചാൽ ഈ സാധനം വരാൻ എളുപ്പമുണ്ട്. മംഗലാപുരത്തു നിന്നോ മറ്റെവിടെ നിന്നെങ്കിലുമോ വരാൻ. ഷൂട്ടിംഗ് ലൊക്കേഷൻ വരെ അങ്ങോട്ട് മാറ്റിത്തുടങ്ങി. കാസർകോടിന്റെ കുഴപ്പമല്ല. കാസർകോടേക്ക് പോകുന്നത് മംഗലാപുരത്ത് നിന്ന് വാങ്ങാനായിരിക്കാം ബാംഗ്ലൂരെന്ന് വാങ്ങാനാകാം. എങ്ങനെ ആയാലും ഇക്കാര്യം ഇൻസ്ട്രിയിൽ നടക്കുന്നു എന്നത് സത്യമാണ്.
പ്രസ്താവന വിവാദമായതിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് കൊണ്ട് എം രഞ്ജിത്ത് രംഗത്തെത്തിയിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്നും മയക്കു മരുന്ന് എത്തിക്കാൻ എളുപ്പമാകുന്നത് കൊണ്ട് പല ഷൂട്ടിങ്ങുകളും അവിടെയാകുന്നുണ്ട് എന്നൊരു ആരോപണം ഞങ്ങളുടെ ഒരു യോഗത്തിൽ ഉന്നയിക്കപ്പെട്ടിരുന്നു. അത് ഉള്ളിൽ ഉണ്ടായിരുന്നത് കൊണ്ട് അറിയാതെ പറഞ്ഞു പോയതാണ് എന്നാണ് രഞ്‍ജിത്ത് പറഞ്ഞിരുന്നത്.