പൂർണ്ണമായും ഇന്ത്യയിൽ നടക്കുന്ന 2023ലെ ക്രിക്കറ്റ് ലോകകപ്പിന് 13 വേദികളെന്ന് റിപ്പോർട്ടുകൾ. മുംബൈ, ദില്ലി, ലഖ്നൗ, ഗുവാഹത്തി, ഹൈദരാബാദ്, കൊല്‍ക്കത്ത, തിരുവനന്തപുരം, രാജ്കോട്ട്, ഇന്‍ഡോര്‍, ബെംഗളുരു, ധര്‍മ്മശാല എന്നിവ ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത വേദികളില്‍ ഉള്‍പ്പെടുന്നു. ഈ 13 വേദികളില്‍ ഏഴ് വേദികളില്‍ മാത്രമാണ് ഇന്ത്യയുടെ മത്സരങ്ങള്‍ നടക്കാൻ സാധ്യതയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയവും വേദിയാവാൻ സാധ്യതയുള്ള സ്റ്റേഡിയങ്ങളുടെ ചുരുക്കപ്പട്ടികയിൽ ഇടം നേടി.
ലോകകപ്പിലെ ഏറ്റവും ആവേശകരമായ ഇന്ത്യ x പാകിസ്ഥാൻ മത്സരത്തിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം വേദിയാവാനാണ് സാധ്യത എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അഹമ്മദാബാദിലെ ഐക്കണിക് സ്റ്റേഡിയത്തില്‍ വമ്പന്‍ മത്സരം നടത്താന്‍ ബിസിസിഐ തീരുമാനിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ 1 ലക്ഷത്തിലധികം ആളുകളെ ഉൾക്കൊള്ളാനാവും.സുരക്ഷാ കാരണങ്ങളാല്‍, പാകിസ്ഥാന്‍ തങ്ങളുടെ മിക്ക മത്സരങ്ങളും ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിലും ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലും കളിക്കാന്‍ സാധ്യതയുണ്ട്. ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ മത്സരത്തിന് ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടക്കാനാണ് സാധ്യത.
പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ലോകകപ്പ് ഈ വർഷം ഒക്ടോബര്‍ 5 ന് ആരംഭിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ലോകകപ്പ് മുഴുവൻ ഇന്ത്യയില്‍ നടക്കുന്നത്. നേരത്തെ അയൽ രാജ്യങ്ങള്‍ക്കൊപ്പമായിരുന്നു ഇന്ത്യ വേദിയായിരുന്നത്. പത്ത് ടീമുകളാണ് ലോക പോരാട്ടത്തിൽ പങ്കെടുക്കുന്നത്.